വിനയന്‍ ചിത്രത്തിലെ ബോയ്ഫ്രണ്ട് മണിക്കുട്ടന്‍
വിനയന്‍ ചിത്രത്തിലെ ബോയ്ഫ്രണ്ട് മണിക്കുട്ടന്‍
ജൂണ്‍ 24, 2005
ബോയ് ഫ്രണ്ട് എന്ന തന്റെ പുതിയ ചിത്രത്തിലൂടെ വിനയന്‍ ഒരു പുതുമുഖത്തെ കൂടി സിനിമയിലേക്ക് കൊണ്ടുവരുന്നു. ജയസൂര്യ, റിയാസ് തുടങ്ങിയ താരങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിയ വിനയന്റെ പുതിയ ചിത്രത്തില്‍ നായകനാവുന്നത് പുതുമുഖം മണിക്കുട്ടനാണ്.
സൂര്യാ ടിവിയിലെ കോമഡി പരിപാടിയിലൂടെ ശ്രദ്ധേയനായ ജയസൂര്യയെ പ്രോഗ്രാം കണ്ടിഷ്ടപ്പെട്ടാണ് വിനയന്‍ സിനിമയിലേക്ക് ക്ഷണിച്ചത്. ടിവിയിലെ ശ്രദ്ധേയമായ പ്രകടനം കണ്ടാണ് പുതിയ നായകനെയും വിനയന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യാ ടിവിയിലെ കായംകുളം കൊച്ചുണ്ണി എന്ന സീരിയലില്‍ കൊച്ചുണ്ണിയെ അവതരിപ്പിക്കുന്ന നടന്‍ മണിക്കുട്ടനെയാണ് വിനയന്‍ തന്റെ പുതിയ ചിത്രത്തില്‍ നായകനാക്കുന്നത്.
കാമ്പസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്. ശ്രീനിവാസന്‍, മുകേഷ്, ജഗദീഷ്, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
വിനയന്റെ കഥക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് ജെ. പള്ളാശേരിയാണ്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു.


Click it and Unblock the Notifications