ദി ലീഡര്‍ എത്തുന്നു
ദി ലീഡര്‍ എത്തുന്നു
ജൂണ്‍ 25, 2003
ഏറെ ഒച്ചപ്പാടുകള്‍ക്ക് ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന ദി ലീഡര്‍ പ്രദര്‍ശനത്തിനെത്തുന്നു. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെയും തമ്മിലടിയെയും മിമിക് ചെയ്ത് അവതരിപ്പിക്കുന്ന ലീഡര്‍ ചിത്രീകരണത്തിനിടയിലും ശേഷമുള്ള ജോലികള്‍ക്കിടയിലും പ്രതിസന്ധികള്‍ നേരിട്ടിരുന്നു.
ചിത്രം തിയേറ്ററിലെത്തുന്നത് ഒട്ടേറെ വിഷമതകള്‍ പിന്നിട്ടാണ്. ആദ്യത്തെ വിതരണക്കാര്‍ പിന്മാറിയെങ്കിലും പുതിയ വിതരണക്കാരെത്തിയതോടെയാണ് ചിത്രത്തിന്റെ റീലീസിംഗ് സുഗമമായത്.
ഒട്ടേറെ ദുര്‍ഘടങ്ങളാണ് ചിത്രത്തിന്റെ സംവിധായകരും അണിയറ പ്രവര്‍ത്തകരും ചിത്രീകരണത്തിനിടയില്‍ നേരിട്ടത്. സംവിധായകന്‍ ദീപനെ ഒരു സംഘം അക്രമികള്‍ വെട്ടിപ്പരിക്കേല്പിച്ചിരുന്നു. നിര്‍മാതാക്കളില്‍ ഒരാള്‍ക്കും വെട്ടേറ്റു. ഭീഷണിയെ തുടര്‍ന്ന് നടി ഐശ്വര്യ ചെന്നൈയിലേക്ക് തിരിച്ചുപോവാന്‍ നിര്‍ബന്ധിതയായി.
സംസ്ഥാന രാഷ്ട്രീയത്തിലെ ചില പ്രമുഖരെ മിമിക് ചെയ്ത് അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. മുഖ്യമന്ത്രിയായി അഭിനയിക്കുന്നത് ടി വി ചാനലുകളില്‍ എ. കെ. ആന്റണിയെ അനുകരിക്കുന്ന രാജീവ് കളമശേരിയാണ്. കരുണാകരന്റെ എല്ലാ ഭാവഹാദികളുമുള്ള കഥാപാത്രവും ചിത്രത്തിലുണ്ട്. നടി ആശാ ജയറാമിന്റെ അഛന്‍ ജയറാമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പരിഹസിക്കുന്ന ചിത്രം തന്റെ മകളെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്ന ഒരു നേതാവിന്റെ ശ്രമങ്ങളോടെയാണ് ആരംഭിക്കുന്നത്. ഐശ്വര്യയാണ് ജയറാമിന്റെ മകളുടെ വേഷം ചെയ്യുന്നത്.
വിജയകുമാറാണ് ചിത്രത്തിലെ നായകനാവുന്നത്. ഒരു ഇടവേളക്ക് ശേഷം വിജയകുമാര്‍ നായകനാവുന്ന ചിത്രമാണിത്.


Click it and Unblock the Notifications