പൊലീസ് പൃഥ്വി വരുന്നു
പൊലീസ് പൃഥ്വി വരുന്നു
ജൂണ്‍ 25, 2004
പല സൂപ്പര്‍താരങ്ങളും അണിഞ്ഞ വേഷം പൃഥ്വിരാജും പരീക്ഷിച്ചുനോക്കുകയാണ്. വിനയന്റെ സത്യം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും പൊലീസാവുന്നു. സത്യത്തിലെ എസ്ഐ സഞ്ജീവ്കുമാര്‍ എന്ന കഥാപാത്രം തന്റെ കരിയറിലെ ഉയരങ്ങളിലേക്കുള്ള പുതിയ ഒരു ചവിട്ടുപടിയാവും എന്ന പ്രതീക്ഷയിലാണ് പൃഥ്വിരാജ്.
പൊലീസ് വേഷം ചെയ്യാന്‍ അവസരം ലഭിക്കുക എന്ന സൗഭാഗ്യം യുവതാരങ്ങളില്‍ പൃഥ്വിരാജിന് മാത്രമുള്ളതാണ്. പൃഥ്വിരാജിന്റെ ജ്യേഷ്ഠനായ ഇന്ദ്രജിത്ത് മീശ മാധവനിലും റണ്‍വെയിലും പൊലീസ് വേഷം അവതരിപ്പിച്ചെങ്കിലും ഇതില്‍ ആദ്യത്തെ ചിത്രത്തില്‍ വില്ലന്‍ വേഷവും രണ്ടാമത്തേതില്‍ ഉപനായകവേഷവുമായിരുന്നു. കരിയറിന് തുടക്കമിട്ട് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ നായകനായ പൊലീസിന്റെ വേഷത്തില്‍ മിന്നിത്തിളങ്ങാന്‍ കഴിയുക എന്നത് പൃഥ്വിരാജിന് ലഭിച്ചിരിക്കുന്ന അപൂര്‍വഭാഗ്യം തന്നെ.
സൂപ്പര്‍താരങ്ങളായി ജനങ്ങള്‍ അംഗീകരിക്കണമെങ്കില്‍ ആക്ഷന്‍ വേഷങ്ങള്‍ ചെയ്യണമെന്നത് സിനിമാലോകത്തെ അലിഖിതമായ ഒരു മാമൂലാണ്. മറ്റേതുതരം വേഷം ചെയ്ത് സിനിമ ഒറ്റക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞാലും സൂപ്പര്‍താരമെന്ന കിരീടം തലയില്‍ വരണമെങ്കില്‍ ആക്ഷന്‍ വേഷങ്ങള്‍ ചെയ്യണം. ആക്ഷന്‍ വേഷങ്ങള്‍ ചെയ്യാനുള്ള ആകാരസൗഷ്ടവവും കിടിലന്‍ സംഭാഷണങ്ങള്‍ പ്രേക്ഷകമനസിലേക്ക് എയ്തുവിടാനുള്ള ചാതുരിയും ഇല്ലെങ്കില്‍ ഒരു നടനും സൂപ്പര്‍താരമായി അംഗീകരിക്കപ്പെടില്ല.
റണ്‍വെയിലൂടെ ദിലീപ് ശ്രമിച്ചത് ഒറ്റയ്ക്ക് പല ചിത്രങ്ങളും വിജയിപ്പിച്ചിട്ടും തനിക്ക് വന്നുചേരാത്ത സൂപ്പര്‍താരപദവിയ്ക്ക് അടുത്തെത്താനായി ആക്ഷന്‍ ഹീറോയുടെ പരിവേഷമണിയുകയാണ്. റണ്‍വെയിലെ ഇരട്ടമുഖമുള്ള അധോലോക നായകന്റെ വേഷം നന്നായി ചെയ്യാന്‍ ദിലീപിന് കഴിയുകയും ചെയ്തു. എന്നാല്‍ മലയാളത്തിലെ ജനപ്രിയ നായകനായി പേരെടുത്ത ദിലീപിനെ പോലും തേടിയെത്താത്ത അവസരമാണ് പൃഥ്വിരാജിന് ലഭിച്ചിരിക്കുന്നത്. സിഐഡി മൂസയില്‍ സ്വകാര്യ ഡിറ്റക്ടീവായി ദിലീപ് അഭിനയിച്ചെങ്കിലും മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ അവതരിപ്പിച്ചിട്ടുള്ളതു പോലുള്ള കാക്കിക്കുപ്പായത്തില്‍ തിളങ്ങുന്ന മുഴുവന്‍ സമയ പൊലീസ് വേഷം അവതരിപ്പിക്കാന്‍ ദിലീപിന് സാധിച്ചിട്ടില്ല. യുവനായകരില്‍ പലര്‍ക്കും ലഭിക്കാത്ത അവസരമാണ് തനിക്ക് ലഭിച്ചിരിക്കുന്ന പൊലീസ് വേഷമെന്നത് പൃഥ്വിയുടെ എസ്ഐ സഞ്ജീവ്കുമാര്‍ എന്ന കഥാപാത്രത്തിന് തിളക്കമേറ്റുന്നു.
ആക്ഷന്‍ വേഷമെന്നാല്‍ സൂപ്പര്‍താര പദവിയിലേക്കുള്ള ചവിട്ടുപടിയാണെന്നിരിക്കെ, പൃഥ്വിക്ക് ലഭിച്ചിരിക്കുന്ന അവസരത്തിന് ചില സൂപ്പര്‍മാനങ്ങളുമുണ്ട്. ഒറ്റയ്ക്കൊരു ചിത്രം വിജയിപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല എന്ന കുറവ് പരിഹരിക്കാനുള്ള അവസരം കൂടിയാണ് പൃഥ്വിക്ക് ലഭിച്ചിരിക്കുന്നത്.
വിനയന്റെ സത്യത്തിലെ പൊലീസ് വേഷത്തിന് ഒരു താരമെന്ന നിലയില്‍ ഇങ്ങനെ ബഹുമുഖ സാധ്യതകളുണ്ടെന്നിരിക്കെ ഈ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി താരസംഘടനയായ അമ്മയുമായി പൃഥ്വിരാജ് കലഹിച്ചതില്‍ അതിശയിക്കാനുണ്ടോ? താരമെന്ന നിലയിലുള്ള വളര്‍ച്ചക്ക് പല നിലയിലും ഗുണം ചെയ്തേക്കാവുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി താരസംഘനയുമായി ഉടക്കുണ്ടാക്കിയതിന് വിലയായി അമ്മയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നെങ്കിലും ഈ നടന് ഖേദം തോന്നുമായിരുന്നില്ലെന്ന് വേണം പറയാന്‍.
സത്യത്തിലെ പൊലീസ് വേഷത്തിന്റെ അപാരസാധ്യതകള്‍ ഇങ്ങനെയൊക്കെയാണെന്നതു കൊണ്ടുതന്നെ ഈ പൊലീസ് വേഷം പൃഥ്വിക്ക് നല്‍കുന്ന ഉത്തരവാദിത്തങ്ങള്‍ ചെറുതല്ല. ഒരു പൊലീസ് നായകനില്‍ നിന്ന് അത്തരം ചിത്രങ്ങളുടെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചിലതൊക്കെയുണ്ട്. അത് മതിയാവോളം നല്‍കി പ്രേക്ഷകരുടെ കൈയടി വാങ്ങിയ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും കഥാപാത്രങ്ങള്‍ അവര്‍ക്ക് മുന്നില്‍ മാതൃകയായുമുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രതീക്ഷ എന്ന വെല്ലുവിളി പൃഥ്വിക്ക് മുന്നിലുണ്ട്. സൂപ്പര്‍താരങ്ങളുടെ പൊലീസ് വേഷങ്ങളോളമൊന്നും എത്തിക്കാനായില്ലെങ്കിലും ഒരു പൊലീസ് നായകനില്‍ നിന്ന് പ്രതീക്ഷിക്കുന്ന മിനിമം ചിലതൊക്കെ നല്‍കാനായില്ലെങ്കില്‍ അപൂര്‍വസൗഭാഗ്യമായി കൈവന്ന ഈ കഥാപാത്രം പൃഥ്വിയുടെ കരിയറിലെ ഒരു വലിയ മൈെനസ് പോയിന്റായി മാറുകയും ചെയ്യാം.
തന്റെ പ്രായത്തിലും നടനെന്ന നിലയിലുള്ള അനുഭവപരിചയത്തിനും ഒതുങ്ങാത്ത വേഷങ്ങള്‍ പൃഥ്വിക്ക് ഇതിന് മുമ്പും ലഭിച്ചിട്ടുണ്ട്. വെള്ളിത്തിര എന്ന ഭദ്രന്‍ ചിത്രത്തിലെ കഥാപാത്രം അത്തരത്തിലൊന്നായിരുന്നു. മോഹന്‍ലാലിനായി ലോഹിതദാസ് സൃഷ്ടിച്ച കഥാപാത്രത്തെയാണ് ചക്രം എന്ന ചിത്രത്തില്‍ പൃഥ്വി അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ കണ്ടപ്പോള്‍ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുകയാണല്ലോ എന്ന തോന്നലാണ് പ്രേക്ഷകര്‍ക്കുണ്ടായത്. അതുപോലെ ആയാസപ്പെട്ട കല്ലെടുക്കലായി പോവരുത് സത്യത്തിലെ കഥാപാത്രം എന്നതാണ് പൃഥ്വിക്ക് മുന്നിലുള്ള വെല്ലുവിളി.


Click it and Unblock the Notifications