ഫാസിലും ജയറാമും ഒന്നിക്കുന്നു
ഫാസിലും ജയറാമും ഒന്നിക്കുന്നു
ജൂണ്‍ 27, 2004
ജയറാമിനെ നായകനാക്കി ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഫാസില്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ കഥയെക്കുറിച്ചും മറ്റും ആലോചന നടക്കുകയാണ്.
മോഹന്‍ലാല്‍ ചിത്രമായ വിസ്മയത്തുമ്പത്തിന് ശേഷം ഫാസില്‍ ഒരുക്കുന്ന ചിത്രത്തിലാണ് ജയറാം നായകനാവുന്നത്. തന്റെ പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായ ഒരു പ്രമേയമാണ് ഫാസില്‍ തേടുന്നത്.
ഏറെ പ്രതീക്ഷയോടെ ഫാസില്‍ ഒരുക്കിയ വിസ്മയത്തുമ്പത്ത് വലിയ വിജയമായില്ല. പരാജയമല്ലെങ്കിലും സൂപ്പര്‍ഹിറ്റ് പ്രതീക്ഷയോടെ മെനഞ്ഞെടുത്ത ഈ വ്യത്യസ്തചിത്രം പ്രേക്ഷകര്‍ പൂര്‍ണമായി സ്വീകരിക്കാത്തതില്‍ ഫാസിലിന് നിരാശയുണ്ട്. മോഹന്‍ലാല്‍ നായകനായ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഫാസിലിന്റെ മകന്‍ ഷാഹിദ് നായകനായി അഭിനയിച്ച കൈയെത്തും ദൂരത്ത് എന്നീ ചിത്രങ്ങള്‍ ബോക്സോഫീസ് ദുരന്തങ്ങളായി മാറിയതിന് ശേഷം ഒരു നീണ്ട ഇടവേളയെടുത്താണ് ഫാസില്‍ വിസ്മയത്തുമ്പത്ത് ഒരുക്കിയത്.
സൂപ്പര്‍ഹിറ്റായ മണിച്ചിത്രത്താഴ് പോലെ മനുഷ്യമനസിന്റെ നിഗൂഢ സഞ്ചാരങ്ങളുടെ കഥ പറയുന്ന വിസ്മയത്തുമ്പത്തും വന്‍വിജയമാവുമെന്ന ഫാസിലിന്റെ കണക്കുകൂട്ടല്‍ പാളി. കഥയുടെ അതിസങ്കീര്‍ണസ്വഭാവവും പ്രേക്ഷകര്‍ക്ക് പെട്ടെന്ന് ദഹിക്കാത്ത കഥാഗതിയുമാണ് ഈ ചിത്രം വലിയ വിജയമാവാതെ പോയതിന് കാരണം. തുടക്കത്തില്‍ നല്ല പ്രതികരണമുണ്ടാക്കിയെങ്കിലും പിന്നീട് ചിത്രത്തിന് പ്രേക്ഷകര്‍ കുറയുകയായിരുന്നു.
തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ സ്വീകരിക്കപ്പെടാതെ പോയതിന്റെ നിരാശ തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാസില്‍ ജയറാമിനെ നായകനാക്കി പുതിയ ചിത്രം ചെയ്യാന്‍ ആലോചിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിനായി ഫാസില്‍ തേടുന്നത്.


Click it and Unblock the Notifications