അനിലിന്റെ ചിത്രത്തില്‍ ജയറാം
അനിലിന്റെ ചിത്രത്തില്‍ ജയറാം
ജൂണ്‍ 27, 2006
സൂപ്പര്‍ഹിറ്റുകള്‍ ജയറാമിന് ഇന്ന് ഒരു ഓര്‍മ മാത്രമാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം വലിയ വിപണന സാധ്യതയില്ലാത്ത ചിത്രങ്ങളില്‍ പോലും അഭിനയിക്കാന്‍ ജയറാം നിര്‍ബന്ധിതനാവുന്നു. ശരാശരി വിജയമെങ്കിലും നേടുന്ന ഒരു ചിത്രത്തിനാണ് ജയറാം ഇപ്പോള്‍ കാത്തിരിക്കുന്നത്.
ജയറാമിന്റെ കരിയറിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു പട്ടാഭിഷേകം. അത്തരമൊരു സൂപ്പര്‍ഹിറ്റ് ജയറാമിന് ഇന്ന് തീര്‍ത്തും അന്യമായിരിക്കുന്നു. എന്നാല്‍ പട്ടാഭിഷേകത്തിന്റെ സംവിധായകരിലൊരാളായ അനിലുമായി വീണ്ടും കൈകോര്‍ക്കുമ്പോള്‍ ജയറാമിന് ചില പ്രതീക്ഷകളുണ്ട്.
കലിക്കു ശേഷം അനില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമും ശ്രീനിവാസനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനില്‍ സ്വതന്ത്ര സംവിധായകനായതിനു ശേഷം ഒരുക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്.
പത്മപ്രിയയും രേണുകാ മേനോനുമാണ് ചിത്രത്തിലെ നായികമാര്‍. സായികുമാര്‍, ജഗതി ശ്രീകുമാര്‍, ദേവന്‍, സലിംകുമാര്‍, കവിയൂര്‍ പൊന്നമ്മ, കല്പന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖതാരങ്ങള്‍.
ടി.എ.റസാഖാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സംഗീതം മോഹന്‍ സിതാര. തിരുവോണം സിനി ടോണിന്റെ ബാനറില്‍ പ്രദീപ് നാരായണനും സിദ്ദിഖും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആഗസ്ത് ആദ്യവാരത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.


Click it and Unblock the Notifications