പത്മപ്രിയ വീണ്ടും മമ്മൂട്ടി ചിത്രത്തില്‍
പത്മപ്രിയ വീണ്ടും മമ്മൂട്ടി ചിത്രത്തില്‍
ജൂണ്‍ 30, 2005
കഴിഞ്ഞ വര്‍ഷം ഏറ്റവുമേറെ ചര്‍ച്ച ചെയ്യപ്പെട്ട സൂപ്പര്‍ഹിറ്റ് ചിത്രം കാഴ്ച പ്രേക്ഷകര്‍ക്ക് ഹൃദ്യമായ ചലച്ചിത്രാനുഭവം സമ്മാനിച്ചപ്പോള്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടിയും യാഷ് എന്ന ഗുജറാത്തി ബാലനും പ്രേക്ഷകരുടെ മനസുകളെ കീഴടക്കി. ഒപ്പം മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച ആന്ധ്രക്കാരി പത്മപ്രിയയും.
മമ്മൂട്ടി അവതരിപ്പിച്ച ഫിലിം ഓപ്പറേറ്റര്‍ മാധവന്റെ ഭാര്യയായ കുട്ടനാട്ടുകാരിയായി പത്മപ്രിയ മലയാളത്തിന്റെ പ്രിയം പിടിച്ചുപറ്റി. തനി നാട്ടിന്‍പുറത്തുകാരനായി മാധവന്റെ സ്നേഹമയിയായ ഭാര്യയായി പത്മപ്രിയ പ്രേക്ഷക മനസിന്റെ ഇഷ്ടം പിടിച്ചുപറ്റി. കഴിഞ്ഞ വര്‍ഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച ജോഡി കൂടിയായിരുന്നു കാഴ്ചയിലെ മമ്മൂട്ടിയും പത്മപ്രിയയും. കാഴ്ചയ്ക്കു ശേഷം ജയറാമിന്റെയും മോഹന്‍ലാലിന്റെയും നായികയായി അഭിനയിച്ച പത്മപ്രിയ ഇപ്പോഴിതാ വീണ്ടും മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നു.
നവാഗത സംവിധായകനായ അന്‍വര്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് പത്മപ്രിയ മമ്മൂട്ടിയുടെ നായികയാവുന്നത്. സമ്പന്നനായ ഒരു പോത്തുക്കച്ചവടക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നീണ്ട ഇടവേളക്കു ശേഷം മലയാളത്തിലെത്തിയ റഹ്മാന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മനോജ് കെ. ജയന്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, മണിയന്‍പിള്ള രാജു, ഭീമന്‍ രഘു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ബാലേട്ടന്‍, നാട്ടുരാജാവ്, മാമ്പഴക്കാലം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളുടെ രചയിതാവായ ടി. എ. ഷാഹിദാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. മമ്മൂട്ടി ചിത്രത്തിനു ആദ്യമായാണ് ടി. എ. ഷാഹിദ് തിരക്കഥ രചിക്കുന്നത്.
ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. സംഗീതം അലക്സ് പോള്‍. വലിയവീട്ടില്‍ മൂവി ഇന്റര്‍നാഷണലിന്റെ ബാനറില്‍ സിറാജാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications