»   » അങ്ങിനെ തുടങ്ങിയില്‍ നിത്യ പാടുന്നു

അങ്ങിനെ തുടങ്ങിയില്‍ നിത്യ പാടുന്നു

Posted By:
Subscribe to Filmibeat Malayalam
Nithya Menon
യുവതലമുറയുടെ ഹരമായി മാറിയിരിക്കുന്ന നായിക നിത്യ മേനോന്‍ ഗായികയുടെ റോളിലുമെത്തുന്നു. തെലുങ്കില്‍ നിന്നും മൊഴിമാറ്റം നടത്തി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന 'അങ്ങിനെ തുടങ്ങി' എന്ന ചിത്രത്തിലാണ് നിത്യ പാടുന്നത്.

ചിത്രത്തില്‍ ബിജു തുറവൂരിന്റെ വരികള്‍ക്ക് ജാസി ഗിഫ്റ്റാണ് സംഗീതം നല്‍കുന്നത്. ജാസി ഗിഫ്റ്റ്, സിദ്ധു എം കുമാര്‍, രഞ്ജിനി ജോസ്, നദീം അര്‍ഷാദ്, സെലിന്‍ എന്നിവര്‍ പാടുന്നുണ്ട്. ഇവര്‍ക്ക് പുറമേയാണ് ചിത്രത്തിലെ നായികകൂടിയായ നിത്യയും പാടുന്നത്.

ചിത്രത്തില്‍ നിത്യ എന്നുതന്നെയാണ് നിത്യമേനോന്റെ കഥാപാത്രത്തിന്റെ പേര്. നവീന്‍ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദിനി റെഡ്ഡിയാണ്. തീവ്രമായ കൗമാര പ്രണയത്തിന്റെ തീഷ്ണഭാവങ്ങള്‍ ക്ക് നിറപ്പകിട്ടേകുന്നതാണ് ചിത്രം.

നിത്യയും ഗൗതമും നല്ല സുഹൃത്തുക്കളാണ്. അപ്രതീക്ഷിതമായ ചുറ്റുപാടില്‍ പരിചയപ്പെടുന്ന ഇവരുടെസൗഹൃദം പ്രണയത്തിലേക്ക് വളരുന്നു. നിത്യവും കണ്ടുമുട്ടുന്ന തങ്ങള്‍ക്കിടയില്‍ പ്രണയം ഒളിച്ചിരുന്നത് വൈകിയാണ് ഇവര്‍ തിരിച്ചറിഞ്ഞത്. സാഹചര്യങ്ങളാകട്ടെ ഇഷ്ടം തുറന്നുപറയാന്‍ ഇരുവരേയും അനുവദിച്ചതുമില്ല.

കാര്യങ്ങള്‍ ഇനിയും തുറന്നു പറഞ്ഞില്ലെങ്കില്‍ പരസ്പരം നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ അവര്‍ ചില തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഈ തീരുമാനങ്ങളാകട്ടെ ഗുരുതരമായ ചില പ്രശ്‌നങ്ങളാണ് ഇരുവരുടേയും ജീവിതത്തില്‍ സൃഷ്ടിക്കുന്നത്.

ഗൌതമായെത്തുന്നത് നവീനാണ്, ഇവരെക്കൂടാതെ ആശിഷ് വിദ്യാര്‍ത്ഥി, പ്രഗതി, രോഹിണി, എന്നിവരും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ മൊഴിമാറ്റ സംഭാഷണങ്ങള്‍ എഴുതിയത് സതീഷ് മുതുകുളമാണ്.

രഞ്ജിത് മൂവീസിന്റെ ബാനറില്‍ ദാമോദര്‍ പ്രസാദ് നിര്‍മ്മിക്കുന്ന 'അങ്ങിനെ തുടങ്ങി' സിനിമ പാരഡൈസ് ഉടന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും. മലയാള സിനിമയില്‍ ഏറെ തിരക്കുള്ള നടിയായ് മാറിക്കൊണ്ടിരിക്കുന്ന നിത്യമേനോന് തെലുങ്കിലും, കന്നഡയിലും ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിക്കുന്നുണ്ട്.

മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന തെലുങ്കുമൊഴിമാറ്റചിത്രങ്ങള്‍ പ്രണയം, സംഗീതം, ഐറ്റം ഡാന്‍സ്, ഫൈറ്റിംഗ്, എന്നീ നമ്പറുകളിലൂടെ യുവാക്കളെ കയ്യിലെടുക്കുകയാണ് പതിവ്. ഈ ചിത്രവും ഇത്തരത്തിലൊന്നാവുമെന്ന് പ്രതീക്ഷിക്കാം.

English summary
Actress Nithya Menon sung a song for a new movie Angine Thudangi, a telugu dubbing movie. She is acting as the heroine of the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam