»   » എതിരാളിയില്ലാതെ മമ്മൂട്ടി; റസൂലിന് തിരിച്ചടി

എതിരാളിയില്ലാതെ മമ്മൂട്ടി; റസൂലിന് തിരിച്ചടി

Posted By:
Subscribe to Filmibeat Malayalam
Mammootty
മികച്ച നടനെ തേടിയുള്ള അവാര്‍ഡ് ജൂറിയുടെ വിധി നിര്‍ണയത്തില്‍ ഏറ്റുമുട്ടിയത് മമ്മൂട്ടിയുടെ വിവിധ കഥാപാത്രങ്ങള്‍. മമ്മൂട്ടി നായകനായി അഭിനയിച്ച പാലേരി മാണിക്യത്തിലെയും പഴശ്ശിരാജയിലെയും കഥാപാത്രങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്.

ഏറെ നീണ്ട ചര്‍ച്ചകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഒടുവില്‍ പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജി മികച്ച നടനുള്ള പുരസ്‌ക്കാരം മമ്മൂട്ടിയ്ക്ക് നേടിക്കൊടുക്കുകയായിരുന്നു. രാമാനത്തിലെ ജഗതിയാണ് അവസാന റൗണ്ടില്‍ മമ്മൂട്ടിയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയത്. ജഗതിയുടെ അഭിനയത്തെ ഉജ്ജ്വലമെന്ന് വിശേഷിപ്പിച്ച ജൂറി കമ്മിറ്റി പക്ഷേ അദ്ദേഹത്തിന് പ്രത്യേക ജൂറി അവാര്‍ഡ് മാത്രം നല്‍കി. ജഗതിയെ ജീവിയ്ക്കുന്ന ഇതിഹാസമെന്ന് വിശേഷണം നല്‍കാനും ജൂറി തയാറായി.

ഭ്രമരത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ശിവന്‍ കുട്ടി എന്ന കഥാപാത്രത്തിന് ഏറെ സാധ്യതകള്‍ കല്‍പ്പിയ്ക്കപ്പെട്ടിരുന്നെങ്കിലും ഒരു സിനിമയെന്ന നിലയിലുള്ള ഭ്രമരത്തിന്റെ ദൗര്‍ബല്യങ്ങളാണ് ലാലിന് തിരിച്ചടിയായത്. ശിവന്‍കുട്ടിയിലൂടെ ഉജ്ജ്വലപ്രകടനം കാഴ്ചവെയ്ക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിരുന്നു. എന്നാല്‍ വിശ്വാസയോഗ്യമായ ഒരു സിനിമയായി ഭ്രമരത്തെ കാണാന്‍ അവാര്‍ഡ് കമ്മിറ്റി തയാറായില്ല.

അതേ സമയം മമ്മൂട്ടിയുടെ മറ്റൊരു മികച്ച ചിത്രമായി വാഴ്ത്തപ്പെട്ട 'കുട്ടിസ്രാങ്ക്' പുരസ്‌കാര നിര്‍ണയവേളയില്‍ തള്ളപ്പെട്ടത് ഏറെ ശ്രദ്ധേയമായി. കാര്യമായ പുരസ്‌ക്കാരങ്ങളൊന്നും ലഭിയ്ക്കാതെ കുട്ടിസ്രാങ്ക് പുറത്തായത് സംവിധായകന്‍ ഷാജി എന്‍ കരുണിനുള്ള തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. മികച്ച നടനെ തിരഞ്ഞെടുക്കുന്ന വേളയിലും കുട്ടിസ്രാങ്കിലെ മമ്മൂട്ടിയുടെ കഥാപാത്രം രംഗത്തുണ്ടായിരുന്നില്ല. കുട്ടിസ്രാങ്കിലൂടെ നാലാമത്തെ ദേശീയപുരസ്‌ക്കാരം തേടുന്ന മമ്മൂട്ടിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിയ്ക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല.

ശബ്ദലേഖനത്തില്‍ ഏറെ പ്രതീക്ഷകളോടെയെത്തിയ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി പിന്തള്ളപ്പെട്ടതാണ് ഏറ്റവും അപ്രതീക്ഷിതമായത്. പ്രേക്ഷകരെ വിസ്മയിപ്പിച്ച പഴശ്ശിരാജയിലെ ശബ്ദലേഖനത്തിലൂടെ റസൂലിന് സാധ്യതകള്‍ കല്‍പ്പിയ്ക്കപ്പെട്ടിരുന്നെങ്കിലും പത്താംനിലയിലെ തീവണ്ടിയുടെ ശബ്ദലേഖകന്‍ എന്‍ ഹരികുമാര്‍ അവാര്‍ഡ് സ്വന്തമാക്കുകയായിരുന്നു. പഴശ്ശിരാജയിലെ ശബ്ദങ്ങള്‍ക്ക് മികവുണ്ടെങ്കിലും മലയാളിത്തമില്ലെന്ന് പല ജൂറി അംഗങ്ങളും ചൂണ്ടിക്കാട്ടിയതായി സൂചനകളുണ്ട്. വരുംനാളുകളില്‍ ഒരു വിവാദത്തിന് വഴിമരുന്നിടുന്നതാണ് ഈ വിഭാഗത്തിലെ പുരസ്‌കാര നിര്‍ണയമെന്ന് കരുതപ്പെടുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam