വലന്റൈന്‍ സമ്മാനമായി റെഡ് ചില്ലീസ്
2009ലെ മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ റെഡ് ചില്ലീസ് വലന്റൈന്‍ ദിനത്തില്‍ തിയറ്ററുകളിലെത്തും.
ചിത്രത്തിന്റെ വിതരണക്കാരായ വൈശാഖയും നിര്‍മാതാക്കളായ രജപുത്ര ഫിലിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
എ.കെ സാജന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കുന്ന റെഡ് ചില്ലീസ് ഒരു ത്രില്ലര്‍ ചിത്രമായാണ് വിശേഷിപ്പിയ്‌ക്കപ്പെടുന്നത്. ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളുമാണ് ചിത്രത്തിന്റെ പ്രമേയം.
ഒമര്‍ എന്നൊരു ഇന്റര്‍നാഷണല്‍ ബിസിനസ് മാഗ്നറ്റിന്റെ വേഷമാണ് ലാല്‍ അവതരിപ്പിയ്‌ക്കുന്നത്. തന്റെ ഉടമസ്ഥതയിലുള്ള എഫ്‌എം റേഡിയയോയിലെ ഒമ്പത് റേഡിയോ ജോക്കികള്‍ ഒരു കൊലപാതക്കേസില്‍ കുടുങ്ങുകയും അവരെ രക്ഷിയ്‌ക്കാനായി ഒമര്‍ രംഗത്തെത്തുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് റെഡ് ചില്ലീസ് പറയുന്നത്.
പ്രശസ്‌ത ഗായികയായ രഞ്‌ജിനി ജോസ് ആദ്യമായി വെള്ളിത്തിരയിലെത്തുന്നുവെന്ന പ്രത്യേകത കൂടി റെഡ് ചില്ലീസിനുണ്ട്. ഇസബെല്ല എന്ന റേഡിയോ ജോക്കിയുടെ വേഷമാണ് രഞ്‌ജിനി അവതരിപ്പിയ്‌ക്കുന്നത്. വിജയ രാഘവന്‍, തിലകന്‍, ജഗദീഷ്, മണിയന്‍ പിള്ള രാജു, ജഗതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.


Click it and Unblock the Notifications











