»   » സമരം സൂപ്പര്‍ഹിറ്റ്; പടങ്ങള്‍ പെട്ടിയില്‍ തന്നെ

സമരം സൂപ്പര്‍ഹിറ്റ്; പടങ്ങള്‍ പെട്ടിയില്‍ തന്നെ

Posted By:
Subscribe to Filmibeat Malayalam
Film
സിനിമാക്കാരുടെ സമരം വിജയകരമായ നൂറാം നാളിലേക്ക് നീങ്ങവെ പതിനഞ്ചോളം സിനിമകള്‍ റിലീസും കാത്ത് പെട്ടിയില്‍. നിര്‍മാണവും റിലീസും നിലനിര്‍ത്തിവെച്ചുള്ള സമരം താരപ്രഭാവമില്ലാത്തെ ചെറു സിനിമകളെയാണ് വെട്ടിലാക്കിയിരിക്കുന്നത്. ആഗസ്റ്റിലെ നോമ്പുകാലവും റംസാനെത്തുന്ന സൂപ്പര്‍താര ചിത്രങ്ങളുടെ മുന്നില്‍പ്പെടാതെയും ഈ സിനിമകള്‍ എങ്ങനെ തിയറ്ററുകളിലെത്തിയ്ക്കുമെന്ന ആലോചനയിലാണ് അണിയറപ്രവര്‍ത്തകര്‍.

ഏപ്രില്‍ 16ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ ആരംഭിച്ച സിനിമാസമരമാണ് താരങ്ങളില്ലാത്ത ചെറുചിത്രങ്ങളുടെ റിലീസ് പ്രസിസന്ധിയിലാക്കിയത്. നേരത്തെ ആരംഭിച്ച സിനിമകളുടെ നിര്‍മാണം തുടരാന്‍ അനുവദിച്ചെങ്കിലും പൂര്‍ത്തിയായ സിനിമകളുടെ റിലീസ് സമരക്കാര്‍ തടഞ്ഞിരുന്നു.

ഡോ ബിജു സംവിധാനംചെയ്ത വീട്ടിലേക്കുള്ള വഴി, ബിജു വട്ടപ്പാറയുടെ രാമരാവണന്‍, എംഡി രാജേന്ദ്രന്റെ അമ്മനിലാവ്, അനിലിന്റെ കയം, ജി മനുവിന്റെ അതേ വെയില്‍ അതേ മഴ തുടങ്ങിയവയാണ് പെട്ടിയില്‍ വിശ്രമിയ്ക്കുന്ന സിനിമകള്‍. മോഹന്‍ലാലിന്റെ ഒരു നാള്‍വരും, ജയസൂര്യയുടെ നല്ലവന്‍, നീലാംബരി, അപൂര്‍വ രാഗങ്ങള്‍, മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് എന്നീ സിനിമകള്‍ ഒമ്പതിന് റിലീസ് തീരുമാനിച്ചിട്ടുണ്ടെങ്കിലും സമരം തീര്‍ന്നില്ലെങ്കില്‍ ഇതും പാളും.

ചില സിനിമകള്‍ ജൂലൈ മധ്യത്തോടെ റിലീസ്‌ചെയ്യാനാണ് തീരുമാനം. അപ്പോഴേക്കും സമരം തീര്‍ന്നില്ലെങ്കില്‍ ഓണക്കാലത്തേക്ക് റിലീസ് മാറ്റേണ്ടി വരും. ഓണത്തിനെത്തുന്ന സൂപ്പര്‍താര ചിത്രങ്ങളുമായി കൂട്ടിമുട്ടുമെന്ന പ്രശ്‌നമാണ് അപ്പോള്‍. പൃഥ്വിരാജിന്റെ അന്‍വര്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ എന്നീ ചിത്രങ്ങള്‍ ഓണത്തിന് എത്തിയേക്കും.

സൂപ്പര്‍താരങ്ങളുടെ സിനിമകളോട്് തിയറ്ററുകാര്‍ക്ക് പ്രിയമേറുമെന്നതിനാല്‍ അല്ലാത്തവ പെട്ടിയില്‍ത്തന്നെ ഇരിക്കേണ്ടിവരും. ഓണംകഴിഞ്ഞാല്‍പിന്നെ റംസാന്‍ റിലീസാണ്. ദിലീപിന്റെ കാര്യസ്ഥന്‍, മോഹന്‍ലാലിന്റെ ശിക്കാര്‍, ജയറാമിന്റെ മേക്കപ്പ്മാന്‍, മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ തുടങ്ങിയവയാണ് റംസാന്‍ ലക്ഷ്യമിടുന്നത്. റിലീസിങ് അനുമതി കിട്ടിയാലും താരചിത്രങ്ങളുടെ കുത്തൊഴുക്കില്‍ മാസങ്ങള്‍ക്കുമുമ്പേ നിര്‍മാണം പൂര്‍ത്തിയായ ചെറുചിത്രങ്ങള്‍ കുരുങ്ങുമെന്നറുപ്പ്.

കഴിഞ്ഞ രണ്ടുമാസത്തിനിടെ മമ്മൂട്ടിയുടെ പോക്കിരിരാജ, ജയറാമിന്റെ കഥ തുടരുന്നു, മോഹന്‍ലാലിന്റെ അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് എന്നീ മൂന്ന് താരസിനിമകളുടെ റിലീസ് മാത്രമാണ് വിതരണക്കാര്‍ പ്രത്യേക പരിഗണനയോടെ അനുവദിച്ചത്. ടി ഡി ദാസന്‍, മമ്മി ആന്‍ഡ് മി പോലുള്ള ചില ചിത്രങ്ങള്‍ ഇതിനിടെ വന്നെങ്കിലും ഇവയ്‌ക്കൊന്നും താരസിനിമകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

ഇതിനിടെ വിലക്ക് ലംഘിച്ച് സുറ, കൈറ്റ്‌സ്, രാവണ്‍ എന്നീ സിനിമകള്‍ തിയറ്റര്‍ ഉടമാസംഘം തിയറ്ററില്‍ എത്തിച്ചത് വിതരണക്കാരെ പ്രകോപിപ്പിച്ചു. ഇതോടെ തിയറ്ററുകളെ വിലക്കുന്ന ശിക്ഷാനടപടികളെടുത്ത് വിതരണക്കാര്‍ സമരം ശക്തമാക്കിയപ്പോള്‍ ചെറുസിനിമകളുടെ റിലീസ് വീണ്ടും പ്രതിസന്ധിയിലായി.

വിതരണക്കാര്‍ തിയറ്റര്‍ ഉടമകളുടെ സംഘടനകളുമായും നിര്‍മാതാക്കള്‍ താരങ്ങളുടെയും സാങ്കേതികപ്രവര്‍ത്തകരുടെയും സംഘടനകളുമായും ഉണ്ടായ തര്‍ക്കമാണ് സമരത്തിനു കാരണമായത്. നിര്‍മാതാക്കളുടെ പ്രശ്‌നം രമ്യമായി തീര്‍ന്നെങ്കിലും തിയറ്റര്‍ ഉടമകളും വിതരണക്കാരുമായുള്ള തര്‍ക്കം ഉഷാറായി മുന്നോട്ടു പോവുകയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam