മലയാളത്തില്‍ പൊലീസ് രാജ്

By Staff

മലയാളത്തില്‍ പൊലീസ് രാജ്
ജൂലൈ 01, 2005

തോക്കെടുക്കുകയും എടുക്കാത്തതും യൂണിഫോമിടുകയും ഇടാത്തതുമായ പൊലീസ് കഥാപാത്രങ്ങളുടെ ബഹളം തന്നെയാണ് ഇപ്പോള്‍ മലയാളത്തില്‍. ഈ പൊലീസ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനെത്തുന്ന താരങ്ങള്‍ക്ക് പ്രായഭേദമൊന്നുമില്ല. സൂപ്പര്‍താരങ്ങളും യുവതാരങ്ങളുമൊക്കെ പൊലീസിന്റെ വീരപരാക്രമങ്ങളുമായി സ്ക്രീനുകളില്‍ നിറയുകയാണ്.

പൊലീസ് കഥ പറയുന്ന രണ്ട് ചിത്രങ്ങള്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുന്നുണ്ട്.- കലാഭവന്‍ മണി നായകനായ ബെന്‍ ജോണ്‍സണ്‍, താരസഹോദരന്‍മാരായ ഇന്ദ്രജിത്തും പൃഥ്വിരാജും തുല്യപ്രാധാന്യമുള്ള പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദി പൊലീസ്.

പൊലീസ് വേഷത്തില്‍ കലാഭവന്‍ മണി തകര്‍ത്തഭിനയിക്കുന്ന ബെന്‍ ജോണ്‍സണ്‍ അപ്രതീക്ഷിതമായ വിജയമാണ് നേടിയത്. പൊലീസ് കഥാപാത്രമായി കലാഭവന്‍ മണി നടത്തുന്ന ഉശിരന്‍ സംഘട്ടനങ്ങളും കിടിലന്‍ സംഭാഷണങ്ങളുമൊക്കെയായി ഈ ചിത്രം പ്രേക്ഷകരെ രസിപ്പിച്ചു. മുടക്കുമുതല്‍ തിരിച്ചുപിടിച്ചുകഴിഞ്ഞ ഈ ലോ ബജറ്റ് ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്.

വി. കെ. പ്രകാശ് സംവിധാനം ചെയ്ത പൊലീസ് കഥ പറയുന്ന ചിത്രത്തിന് ദി പൊലീസ് എന്നു തന്നെയാണ് പേരിട്ടത്. എസ്ഐ യൂണിഫോമിലാണ് ബെന്‍ ജോണ്‍സണില്‍ കലാഭവന്‍ മണിയുടെ കസര്‍ത്തുകളെങ്കില്‍ ദി പൊലീസില്‍ ഇന്ദ്രജിത്തും പൃഥ്വിരാജും യൂണിഫോമിടാത്ത പൊലീസ് ഓഫീസര്‍മാരായാണ് തോക്കു കൊണ്ടു കളിക്കുന്നത്. അനീതിക്കെതിരെ സന്ധിയില്ലാത്ത സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവപൊലീസ് ഓഫീസര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തിലുള്ളതെങ്കിലും വിജയം നേടാന്‍ പൊലീസിനായിട്ടില്ല.

രണ്ട് പൊലീസ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരുമ്പോള്‍ സൂപ്പര്‍താരങ്ങളുടെ പൊലീസ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്- മമ്മൂട്ടി വീണ്ടും സിബിഐ ഓഫീസര്‍ സേതുരാമയ്യരായി എത്തുന്ന നേരറിയാന്‍ സിബിഐ, ഒരു ഇടവേളക്കു ശേഷം സുരേഷ് ഗോപി പൊലീസ് ഓഫീസര്‍ വേഷത്തിലെത്തുന്ന ഭരത്ചന്ദ്രന്‍ ഐപിഎസ്.

സത്യത്തിനു വേണ്ടി നിലകൊള്ളുന്ന പൊലീസ് ഓഫീസര്‍മാരുടെ കഥ പറയുന്ന ഈ രണ്ട് ചിത്രങ്ങളും മുന്‍ചിത്രങ്ങളുടെ തുടര്‍ഭാഗങ്ങളാണ് എന്ന പ്രത്യേകത കൂടിയുണ്ട്. നേരറിയാന്‍ സിബിഐ കെ. മധു-എസ്.എന്‍.സ്വാമി-മമ്മൂട്ടി ടീമിന്റെ സിബിഐ സിനിമാ പരമ്പരയിലെ നാലാമത്തെ ചിത്രമാണ്. സിബിഐ ഡയറിക്കുറിപ്പിന്റെ നാലാം ഭാഗം. സംവിധായകന്‍ കെ. മധുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സിബിഐ ഓഫീസര്‍ സേതുരാമയ്യര്‍ നടത്തുന്ന നാലാമത്തെ കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം.

സുരേഷ്ഗോപിയെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ച കമ്മിഷണര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഭരത്ചന്ദ്രന്‍ ഐപിഎസ്. നെടുങ്കന്‍ ഡയലോഗുകളും ഉശിരന്‍ സംഘട്ടനങ്ങളുമായി പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയ ഐപിഎസ് ഓഫീസര്‍ ഭരത്ചന്ദ്രന്‍ എന്ന കഥാപാത്രം ഈ ചിത്രത്തില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു.

ഭരത്ചന്ദ്രന്‍ ഐപിഎസ്സില്‍ സുരേഷ് ഗോപി പൊലീസ് യൂണിഫോമിലാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ച വയ്ക്കുന്നതെങ്കില്‍ നേരറിയാന്‍ സിബിഐയില്‍ മമ്മൂട്ടി മുന്‍ സിബിഐ ചിത്രങ്ങളിലേതു പോലെ യൂണിഫോമിടാത്ത പൊലീസ് ഓഫീസറായാണെത്തുന്നത്.

പ്രേക്ഷകരുടെ കയ്യടി വാങ്ങാന്‍ പൊലീസ് യൂണിഫോമിട്ട് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്ന ചിത്രം അടുത്തുതന്നെ ഒരുങ്ങുന്നുണ്ട്. ഐ. വി. ശശി സംവിധാനം ചെയ്യുന്ന താരാദാസ് വേഴ്സസ് ബല്‍റാം എന്ന ചിത്രത്തില്‍ ഇന്‍സ്പെക്ടര്‍ ബല്‍റാമായി മമ്മൂട്ടി ഒരിക്കല്‍ കൂടിയെത്തുന്നു.

ഈ വര്‍ഷം പുറത്തിറങ്ങിയ ഫിംഗര്‍ പ്രിന്റ് എന്ന ചിത്രത്തിലാണ് ജയറാം ആദ്യമായി ഒരു ഗൗരവമുള്ള പൊലീസ് ഓഫീസര്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ ചിത്രം പരാജയപ്പെട്ടെങ്കിലും ജയറാം തന്റെ പുതിയ ചിത്രത്തില്‍ വീണ്ടും പൊലീസ് ഓഫീസര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന വിന്റര്‍ എന്ന ചിത്രത്തിലാണ് ജയറാം വീണ്ടും പൊലീസ് വേഷമണിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X