കൊലപാതകിയായി പ്രിയനന്ദനന്‍
കൊലപാതകിയായി പ്രിയനന്ദനന്‍
ജൂലായ് 02, 2002
പുതിയ ചിത്രത്തിന്റെ തിരക്കിലാണ് പ്രിയനന്ദനന്‍. ഇത്തവണ റോള്‍ സംവിധായകന്റേതല്ല, കൊലപാതകിയുടേതാണ്. ഒരു അന്തര്‍ദേശീയ കൊലപാതകിയായി അഭിനയിക്കുകയാണ് പ്രിയനന്ദനന്‍ കെ. പി. ശശിയുടെ ശ്..ശ്..ശ്.. എന്ന ചിത്രത്തില്‍.
നെയ്ത്തുകാരനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടിയ പ്രിയനന്ദനന്‍ നാടകസ്റേജില്‍ തനിക്കുള്ള അഭിനയ പരിചയം മുതല്‍ക്കൂട്ടാക്കിയാണ് ശ്..ശ്..ശ്.. എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ആക്ഷേപഹാസ്യം ഉടനീളം മുഴച്ചുനില്‍ക്കുന്ന ചിത്രത്തില്‍ പ്രിയനന്ദനന്റ കൊലപാതക വേഷം ചിരിയുണര്‍ത്തുകയാണ് ചെയ്യുന്നത്.
മുടി നീട്ടി താടിവെച്ച് ബുദ്ധിജീവി ലുക്കുള്ള പ്രിയനന്ദനന്‍ കെ. പി. ശശിയുടെ ചിത്രത്തില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രത്യക്ഷപ്പെടുന്നതു തന്നെ ചിരിയുണര്‍ത്തുന്നു. വിദേശ സര്‍വകലാശാലകളില്‍ നിന്ന് കുറ്റകൃത്യശാസ്ത്രം (ക്രിമിനോളജി) എന്ന വിഷയം പഠിച്ച കൊലപാതകിയാണ് ഇയാള്‍. അമേരിക്കയെ കിടുകിടാ വിറപ്പിച്ച ഒസാമാ ബിന്‍ ലാദനുമായി പോലും ഇയാള്‍ക്ക് ബന്ധമുണ്ട്. ലാദന്റെ കൂടെ നില്‍ക്കുന്ന ചിത്രം അയാള്‍ കൊണ്ടുനടക്കുന്നു. ഒരു പത്രപ്രവര്‍ത്തകനെ വകവരുത്താനായി കേരളത്തിലെത്തിയ ഇയാളുടെ കൈയില്‍ കൊലപാതകം നടത്താനുള്ള എല്ലാവിധ സാമഗ്രികളുമുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് പരിഹാസ്യനാവുകയാണ് ഇയാള്‍. കാണികളില്‍ ചിരിയുണര്‍ത്തുന്ന ഒരു വില്ലന്‍ കഥാപാത്രത്തെയാണ് പ്രിയനന്ദനന്‍ അവതരിപ്പിക്കുന്നത്.
നാടകാഭിനയത്തിന് അവാര്‍ഡ് നേടിയിട്ടുള്ള പ്രിയനന്ദനന്‍ അഭിനയിക്കുന്ന കെ. പി. ശശിയുടെ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്നില്ല. ആംഗ്യങ്ങളിലൂടെ മാത്രമാണ് അവര്‍ ആശയ വിനിമയം നടത്തുന്നത്. പ്രിയനന്ദനന്റെ കൊലപാതകിക്കും ആശയവിനിമയം നടത്താന്‍ ഭാഷ ആംഗ്യങ്ങള്‍ മാത്രം.


Click it and Unblock the Notifications