എന്റെ വീട് അപ്പൂന്റേം ടീം വീണ്ടും
എന്റെ വീട് അപ്പൂന്റേം ടീം വീണ്ടും
ജൂലൈ 02, 2005
തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് സിബി മലയില്‍. പ്രേക്ഷകര്‍ തിരസ്കരിച്ച ജലോത്സവം, അമൃതം, ആലീസ് ഇന്‍ വണ്ടര്‍ലാന്റ് എന്നീ ചിത്രങ്ങള്‍ വന്‍പരാജയമേറ്റുവാങ്ങിയത് തന്റെ കരിയറില്‍ നിഴല്‍ വീഴ്ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് തിരിച്ചുവരവ് ലക്ഷ്യമിട്ട് സിബി മലയില്‍ പുതിയ ചിത്രമൊരുക്കുന്നത്.
മൂന്ന് ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയത്തിനു മുമ്പ് സിബി മലയില്‍ ഒരുക്കിയ ചിത്രം എന്റെ വീട് അപ്പൂന്റേം ആണ്. വലിയ വിജയമായില്ലെങ്കിലും സിബിക്ക് നല്ല അഭിപ്രായം നേടിക്കൊടുത്ത ചിത്രമായിരുന്നു അത്. മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിലൂടെ ആദ്യമായി സിബിക്ക് ലഭിക്കുകയും ചെയ്തു. ഒരു തിരിച്ചുവരവിനായി ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരുമായി സിബി വീണ്ടും ഒന്നിക്കുകയാണ്.
എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന്റെ നിര്‍മാതാവ് പ്രേംപ്രകാശാണ് പുതിയ സിബി ചിത്രം നിര്‍മിക്കുന്നത്. പത്മരാജന്റെ ആദ്യചിത്രമായ പെരുവഴിയമ്പലം ഉള്‍പ്പെടെ ഏതാനും മികച്ച ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ളയാളാണ് നടന്‍ കൂടിയായ പ്രേംപ്രകാശ്.
പ്രേംപ്രകാശിന്റെ മക്കളായ സഞ്ജയും ബോബിയുമാണ് സിബിയുടെ പുതിയ ചിത്രത്തിന് തിരക്കഥയെഴുതുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിന്റെ തിരക്കഥയും ഇവരായിരുന്നു രചിച്ചിരുന്നത്.
തനിക്ക് ആദ്യമായി മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിത്തന്ന ചിത്രത്തിന്റെ നിര്‍മാതാവും തിരക്കഥാകൃത്തുക്കളുമായി വീണ്ടും ഒന്നിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് സിബി. ചിത്രത്തിന്റെ താരനിര്‍ണയം നടക്കുന്നതേയുള്ളൂ.


Click it and Unblock the Notifications