ദിലീപ് രസികന്‍
ദിലീപ് രസികന്‍
ജൂലൈ 04, 2004
ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് രസികന്‍. സൂപ്പര്‍ഹിറ്റ് ചിത്രമായ മീശ മാധവന് ശേഷം ദിലീപ്-ലാല്‍ ജോസ് ടീം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
ദിലീപ്-ലാല്‍ ജോസ് ടീമിന്റെ അത്ഭുതവിളക്ക് എന്ന മറ്റൊരു ചിത്രം നേരത്തെ അനൗണ്‍സ് ചെയ്തിരുന്നു. ബെന്നി പി. നായരമ്പലം തിരക്കഥയെഴുതുന്ന ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും രസികന്റെ ചിത്രീകരണം ആരംഭിക്കുന്നത്.
ഭരത്ഗോപിയുടെ മകന്‍ വി. ജി. മുരളീകൃഷ്ണനാണ് രസികന്റെ രചന നടത്തുന്നത്. മുരളീകൃഷ്ണന്റെ തിരക്കഥയില്‍ ചേകവന്‍ എന്നൊരു ചിത്രം ചെയ്യാന്‍ ലാല്‍ ജോസിന് നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നിരുന്നു. തുടര്‍ന്നാണ് ലാല്‍ ജോസ് മമ്മൂട്ടി ചിത്രമായ പട്ടാളം ഒരുക്കിയത്.
രസികനിലെ നായികയെ തീരുമാനിച്ചിട്ടില്ല. മീശ മാധവനിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണമിട്ട വിദ്യാസാഗറാണ് രസികന് സംഗീതം നല്‍കുന്നത്. ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങള്‍ രചിക്കുന്നു. ക്യാമറ രാജീവ് രവി. ട്രിനിറ്റിയുടെ ബാനറില്‍ സുധീഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.
എസ്. എല്‍. പുരത്തിന്റെ മകന്‍ ജയസൂര്യ തിരക്കഥ രചിക്കുന്ന മറ്റൊരു ചിത്രവും ലാല്‍ ജോസ് ഒരുക്കുന്നുണ്ട്. ജയസൂര്യ ഇപ്പോള്‍ താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയിലാണ്. സ്പീഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലും ദിലീപാണ് നായകന്‍.


Click it and Unblock the Notifications