twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍താര വാഴ്ചയുടെ അര്‍ദ്ധവര്‍ഷം

    By Staff
    |

    സൂപ്പര്‍താര വാഴ്ചയുടെ അര്‍ദ്ധവര്‍ഷം
    ജൂലൈ 04, 2005

    പുതിയൊരു പ്രവണതയും പ്രകടമാക്കാതെയാണ് മലയാള സിനിമ ഒരു അര്‍ദ്ധവര്‍ഷം കൂടി പിന്നിടുന്നത്. ഒരു ചെറിയ ഇടവേളക്കു ശേഷം സൂപ്പര്‍താരങ്ങള്‍ വീണ്ടും സിനിമയില്‍ ആധിപത്യം സ്ഥാപിച്ചു. യുവതാരങ്ങളെ പ്രേക്ഷകര്‍ മറന്നുതുടങ്ങിയിരിക്കുന്നു.

    ഹിറ്റുകള്‍ ജനിക്കണമെങ്കില്‍ സൂപ്പര്‍താരങ്ങള്‍ വേണമെന്ന പഴയ പ്രവണതയിലേക്ക് മലയാള സിനിമ തിരിച്ചുപോവുന്നതാണ് കഴിഞ്ഞ ആറു മാസങ്ങളില്‍ കണ്ടത്. തങ്ങളുടെ പഴയ ആധിപത്യം മമ്മൂട്ടിയും മോഹന്‍ലാലും തിരിച്ചുപിടിച്ചു. കഴിഞ്ഞ വര്‍ഷം മങ്ങിപ്പോയ ദിലീപ് വീണ്ടും ഒരു തിരിച്ചുവരവ് നടത്തുന്നതും ഈ അര്‍ധവര്‍ഷത്തില്‍ കണ്ടു.

    ഉദയനാണ് താരം എന്ന മെഗാഹിറ്റോടെയാണ് ഈ വര്‍ഷം സൂപ്പര്‍താരവാഴ്ചയുടെ പുതിയ സിനിമാ കാഴ്ചകള്‍ കാട്ടിത്തരാന്‍ തുടങ്ങിയത്. ഒരു ഇടവേളക്കു ശേഷമുള്ള മോഹന്‍ലാലിന്റെ ശക്തമായ തിരിച്ചുവരവാണ് ഈ ചിത്രത്തില്‍ കണ്ടത്. മലയാളത്തിലെ റെക്കോഡ് കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഉദയനാണ് താരത്തിന്റെ സ്ഥാനം. എന്നാല്‍ തുടര്‍ന്നിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ചന്ദ്രോത്സവത്തിന് ഉദയന്റെ വിജയം ആവര്‍ത്തിക്കാനായില്ല.

    തൊമ്മനും മക്കളും എന്ന ചിത്രത്തിലൂടെ തന്റെ ജൈത്രയാത്ര മമ്മൂട്ടി തുടരുന്നതാണ് ഈ വര്‍ഷം കണ്ടത്. സൂപ്പര്‍ഹിറ്റായി തീര്‍ന്ന ഈ ചിത്രത്തിനു പിന്നാലെയെത്തിയ തസ്കരവീരനും വിജയം ആവര്‍ത്തിച്ചു. സമിശ്ര പ്രതികരണമാണ് തസ്കരവീരനുണ്ടായതെങ്കിലും മമ്മൂട്ടിയുടെ ഈ ചിത്രവും പരാജയമായില്ല. ജൂലൈ അവസാനത്തില്‍ തിയേറ്ററുകളിലെത്തിയ രാപ്പകലിന്റെ ബോക്സോഫീസ് പ്രകടനത്തെ കുറിച്ച് വിലയിരുത്താറായില്ലെങ്കിലും ഈ ചിത്രവും സൂപ്പര്‍ഹിറ്റിലേക്കാണ് നീങ്ങുന്നതെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

    ദിലീപിന്റേതായി ഒരു ചിത്രം മാത്രമേ 2005ന്റെ ആദ്യപകുതിയില്‍ പുറത്തിറങ്ങിയുള്ളൂ. കഴിഞ്ഞ വര്‍ഷം തീര്‍ത്തും മങ്ങിപ്പോയ ദിലീപ് വിഷുവിനെത്തിയ കൊച്ചിരാജാവിലൂടെ ഒരു തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്.

    സൂപ്പര്‍താരങ്ങളുടെ ആധിപത്യത്തിലേക്ക് മലയാള സിനിമ പിന്‍മടങ്ങുന്നതാണ് 2005ന്റെ ആദ്യപകുതിയില്‍ കണ്ടതെങ്കിലും സൂപ്പര്‍താരങ്ങളില്ലാത്ത സിനിമകളെ പ്രേക്ഷകര്‍ പൂര്‍ണമായും നിരാകരിക്കുകയാണെന്ന് പറയാനാവില്ല. സ്ത്രീകഥാപാത്ര പ്രധാനമായ അച്ചുവിന്റെ അമ്മ നേടിയ വിജയം സൂപ്പര്‍താര ചിത്രങ്ങളുടെ കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നു. മീരാ ജാസ്മിനും ഉര്‍വശിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തില്‍ പ്രധാന പുരുഷ കഥാപാത്രത്തെ അവതരിപ്പിച്ചത് യുവനടന്‍ സുനിലാണ്. വന്‍താരനിരയില്ലെങ്കിലും മനുഷ്യബന്ധങ്ങളുടെ ഹൃദയസ്പര്‍ശിയായ കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുകയും വിജയം വരിക്കുകയും ചെയ്തു.

    ഒരു മികച്ച ചിത്രമായതു കൊണ്ടാണ് അച്ചുവിന്റെ അമ്മക്കു വിജയം നേടാനായത്. 2005ന്റെ ആദ്യപകുതിയിലെ സൂപ്പര്‍താര ചിത്രങ്ങള്‍ വിജയം നേടിയെങ്കിലും അവയുടെ കൂട്ടത്തില്‍ മികച്ച ചിത്രമെന്നു പറയാവുന്നത് ഉദയനാണ് താരം മാത്രമാണ്.

    കലാഭവന്‍ മണി നായകനായ ബെന്‍ ജോണ്‍സണ്‍ എന്ന ചിത്രവും വിജയം നേടി. ആക്ഷനും കിടിലന്‍ സംഭാഷണങ്ങളുമാണ് ഈ ചിത്രത്തെ വിജയമാക്കിയത്.

    ഇടക്കാലത്ത് യുവനായകതരംഗത്തില്‍ തിളങ്ങിനിന്ന യുവതാരങ്ങളുടെ ചിത്രങ്ങളെല്ലാം പരാജയപ്പെടുന്നതാണ് 2005ന്റെ ആദ്യപകുതിയില്‍ കണ്ടത്. പൃഥ്വിരാജിന്റെ കൃത്യം, ദി പൊലീസ്, ജയസൂര്യയുടെ ഇമ്മിണി നല്ലൊരാള്‍ എന്നീ ചിത്രങ്ങളെല്ലാം വന്‍പരാജയങ്ങളായി. സൂപ്പര്‍താരങ്ങള്‍ ആധിപത്യം തിരിച്ചുപിടിച്ചപ്പോള്‍ പൃഥ്വിരാജൊഴികെയുള്ള യുവതാരങ്ങളെല്ലാം കാര്യമായ അവസരങ്ങളില്ലാതെ കരിയറില്‍ പ്രതിസന്ധി നേരിടുന്നതാണ് 2005ന്റെ ആദ്യപകുതിയില്‍ കണ്ടത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X