മോഹന്‍ലാല്‍ വീണ്ടും ഇരട്ടവേഷത്തില്‍
മോഹന്‍ലാല്‍ വീണ്ടും ഇരട്ടവേഷത്തില്‍
ജൂലൈ 08, 2004
സൂപ്പര്‍ഹിറ്റ് ചിത്രമായ രാവണപ്രഭുവിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ഡബിള്‍റോളില്‍ പ്രത്യക്ഷപ്പെടുന്നു. ഒരിടവേളക്ക് ശേഷം ഭദ്രനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇരട്ടവേഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ പേര് സ്വര്‍ണം എന്നാണ്.
രാവണപ്രഭുവിലേതു പോലെ അച്ഛന്റെയും മകന്റെയും വേഷങ്ങളിലാണ് മോഹന്‍ലാല്‍ സ്വര്‍ണത്തില്‍ അഭിനയിക്കുന്നത്. ശൂരനാട്ട് പാപ്പോയി, പാപ്പോയിയുടെ അപ്പന്‍ ശൂരനാട് കുഞ്ഞ് എന്നീ കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവില്‍ മംഗലശേരി നീലകണ്ഠനായും നീലകണ്ഠന്റെ മകന്‍ കാര്‍ത്തികേയനായുമാണ് മോഹന്‍ലാല്‍ വേഷമിട്ടത്.
മായാമയൂരം, പാദമുദ്ര തുടങ്ങിയവയാണ് മോഹന്‍ലാല്‍ രാവണപ്രഭുവിന് മുമ്പ് ഇരട്ടവേഷത്തില്‍ അഭിനയിച്ച ചിത്രങ്ങള്‍. മായാമയൂരത്തില്‍ ഇരട്ടസഹോദരങ്ങളായും പാദമുദ്രയില്‍ അച്ഛനും മകനുമായിട്ടായിരുന്നു മോഹന്‍ലാലിന്റെ ഡബിള്‍റോള്‍. ഈ രണ്ട് ചിത്രങ്ങളിലും മോഹന്‍ലാല്‍ ഇരട്ടവേഷങ്ങളിലാണ് അഭിനയിച്ചതെങ്കിലും രാവണപ്രഭുവില്‍ മാത്രമാണ് മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന രംഗങ്ങളുള്ളത്.
പാലയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവകര്‍ഷകരുടെ കഥ പറയുന്ന ചിത്രമാണ് സ്വര്‍ണം. ഭദ്രന്‍ നേരത്തെ മോഹന്‍ലാലിനെ നായകനാക്കി ആലോചിച്ചിരുന്ന പ്രൊജക്ട് ആണിത്. എന്നാല്‍ ചില കാരണങ്ങളാല്‍ അന്ന് സ്വര്‍ണത്തിന്റെ ചിത്രീകരണം നടക്കാതെ പോയി. ഇപ്പോള്‍ ഈ പ്രൊജക്ട് വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മോഹന്‍ലാലും ഭദ്രനും.
സ്ഫടികം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഭദ്രന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒളിമ്പ്യന്‍ അന്തോണി ആദം വിജയമായിരുന്നില്ല. പിന്നീട് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത വെള്ളിത്തിരയും പരാജയപ്പെട്ടു. മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഭദ്രന്‍.
ഭദ്രന്‍ തന്നെയാണ് സ്വര്‍ണത്തിന്റെ രചന നിര്‍വഹിക്കുന്നത്. സ്വര്‍ണത്തില്‍ മോഹന്‍ലാലിനെ കൂടാതെ ലാലു അലക്സ്, നെടുമുടി വേണു, ദേവന്‍, രാജന്‍ പി ദേവ്, കൊച്ചിന്‍ ഹനീഫ തുടങ്ങിയ പ്രമുഖതാരങ്ങളും വേഷമിടുന്നു.
ക്യാമറ ജോസഫ് നെല്ലിക്കല്‍. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഷോഗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍. മോഹനാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications