കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനു സിനിമയില്‍
കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനു സിനിമയില്‍
ജൂലൈ 09, 2003
സിനിമാ രംഗത്തെ പ്രമുഖരുടെ മക്കളുടെ സിനിമയിലേക്കുള്ള ഒഴുക്ക് തുടരുന്നു. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനു ഡെന്നീസ് നായകവേഷം ചെയ്ത്് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു.
നവാഗത സംവിധായകനായ സുരേഷ് കണ്ണന്റെ സ്ഫുടം എന്ന ചിത്രത്തിലാണ് ഡിനു ഡെന്നീസ് നായനാവുന്നത്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ഡിനു കഥകളിയും ഭരതനാട്യവും പഠിച്ചിട്ടുണ്ട്. നവ്യാ നായരാണ് സ്ഫുടത്തിലെ നായിക.
ഒരു കരിങ്കല്‍ ക്വാറിയുടെ പശ്ചാത്തലത്തലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആ ഗ്രാമത്തിലെ ഭൂരിഭാഗം കുടുംബവും ആ ക്വാറിയില്‍ ജോലി ചെയ്താണ് ജീവിച്ചുപോരുന്നത്. ക്വാറിയുടെ ഉടമ പാറക്കല്‍ രാഘവന് ആ നാട്ടില്‍ മേധാശക്തിയുണ്ട്. അയാള്‍ പറയുന്നതാണ് അവിടുത്തെ നിയമം.
രാഘവന്റെ ഉറ്റസുഹൃത്താണ് ഉണ്ണി. പാറമടയില്‍ തിരി കൊളുത്തുന്ന ജോലി അവന്റേതാണ്. രാഘവന് വേണ്ടി അവനെന്തും ചെയ്യും. രാഘവന്റെ സഹോദരി ശ്രീകുട്ടി അവന്റെ മനസിലെ മോഹവും സ്വപ്നവുമാണ്. രാഘവനും ഉണ്ണിയും തമ്മിലുള്ള ബന്ധം വഴിത്തിരിവിലെത്തിച്ചതും ശ്രീക്കുട്ടി തന്നെ.
ഉണ്ണിയായി ഡിനുവും ശ്രീക്കുട്ടിയായി നവ്യയും അഭിനയിക്കുമ്പോള്‍ രാഘവനെ അവതരിപ്പിക്കുന്നത് മനോജ് കെ. ജയനാണ്. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, സലിംകുമാര്‍, മാള അരവിന്ദന്‍, സ്ഫടികം ജോര്‍ജ്, മേഘനാഥന്‍, കോഴിക്കോട് ശാരദ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
സംവിധായകന്‍ സുരേഷ് കണ്ണന്റേതാണ് കഥ. തിരക്കഥയും സംഭാഷവും രചിക്കുന്നത് കലൂര്‍ ഡെന്നീസ്. ഒ. എന്‍. വി. കുറുപ്പിന്റെ ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. ഗുഡ് മോണിംഗ് ഫിലിംസിന്റെ ബാനറില്‍ പി. രവികുമാറും ജാഫര്‍ അസോസിയേറ്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications