»   » രഞ്ജിത്ത്ലാലിന്റെ എന്നിട്ടും

രഞ്ജിത്ത്ലാലിന്റെ എന്നിട്ടും

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്ത്ലാലിന്റെ എന്നിട്ടും
ജൂലൈ 09, 2004

നവാഗതനായ രഞ്ജിത്ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നിട്ടും. സിദ്ധാര്‍ഥും കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനു ഡെന്നിസും നായകരാവുന്ന ഈ ചിത്രത്തില്‍ കനിക, സ്വര്‍ണമല്ലിക എന്നീ തമിഴ്നടിമാരാണ് നായികമാര്‍.

നമ്മള്‍, കാക്കക്കറുമ്പന്‍, യൂത്ത് ഫെസ്റിവല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിദ്ധാര്‍ഥ് നായകനാവുന്ന ചിത്രമാണിത്. സ്ഫുടം എന്ന ചിത്രത്തിലാണ് ഡിനു ഡെന്നിസ് ആദ്യം അഭിനയിച്ചതെങ്കിലും ആ ചിത്രം പൂര്‍ത്തിയായിട്ടില്ല.

കേരളത്തിന് പുറത്തുളള ഒരു കോളജിന്റെ പശ്ചാത്തലത്തിലുള്ള കാമ്പസ് പ്രണയകഥയാണ് ചിത്രം പറയുന്നത്. സെന്റ് ആന്റണീസ് കോളജില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍സ് പഠിക്കുന്ന നാല് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

ജിത്തും പ്രേമും സുജിയും നേതൃത്വം നല്‍കുന്ന കാമ്പസിലെ സംഘം വയലറ്റ് ഗ്രൂപ്പെന്നാണ് അറിയപ്പെടുന്നത്. പൊതുവെ കാമ്പസിലെ അടിപൊളി അന്തരീക്ഷത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുന്ന സ്നേഹയെ തങ്ങളുടെ സംഘത്തിലേക്ക് ഇവര്‍ ക്ഷണിക്കുന്നുവെങ്കിലും സ്നേഹക്ക് പഠനത്തില്‍ ശ്രദ്ധിക്കാനായിരുന്നു താത്പര്യം.

കോളജ് ഡേയില്‍ ഒരു ചാനലിന് വേണ്ടി ആദര്‍ശദമ്പതികളുടെ ഒരു പ്രഭാതം എന്ന ലൈവ് പരിപാടി വയലറ്റ് ഗ്രൂപ്പ് ഒരുക്കി. ഈ പരിപാടിയില്‍ പ്രേമിനൊപ്പം പങ്കെടുക്കാമെന്നേറ്റിരുന്ന പെണ്‍കുട്ടി എത്താത്തതിനെ തുടര്‍ന്ന് സ്നേഹയോട് പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാവരും ആവശ്യപ്പെട്ടു. സ്നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ക്ക് ആ പരിപാടിയില്‍ പങ്കെടുക്കേണ്ടിവന്നു.

ഈ പരിപാടിക്കിടയില്‍ ഉണ്ടായ ഒരു സംഭവം പ്രേമിന്റെയും സ്നേഹയുടെയും ജീവിതത്തെ മാറ്റിമറിച്ചു. ഇരുവരും ആ പരിപാടിയിലൂടെ ഒന്നുചേര്‍ക്കപ്പെട്ടു. തുടര്‍ന്ന് തങ്ങളുടെ ജീവിതത്തെ ആറ് മാസത്തേക്ക് ഇവര്‍ ഒരു പരീക്ഷണത്തിന് വിധേയമാക്കി.

പ്രേമായി ഡിന്നു ഡെന്നിസും ജിത്തുവായി സിദ്ധാര്‍ഥും സ്നേഹയായി കനികയും സുജിയായി സ്വര്‍ണമല്ലികയുമാണ് അഭിനയിക്കുന്നത്. ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, കൊച്ചിന്‍ ഹനീഫ, മനോജ് കെ. ജയന്‍, ടി. പി. മാധവന്‍, ഗീത, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരും അഭിനയിക്കുന്നു.

ഡോ. രാജേന്ദ്രബാബുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ജാസി ഗിഫ്റ്റ് സംഗീതംനല്‍കുന്നു. ബാല്‍കോ വിഷന്റെ ബാനറില്‍ സുരേഷ് ബി. നായരാണ് ചിത്രം നിര്‍മിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X