മീരാ ജാസ്മിന്‍ കന്നഡയിലേക്കും
മീരാ ജാസ്മിന്‍ കന്നഡയിലേക്കും
ജൂലൈ 09, 2004
തമിഴിലും തെലുങ്കിലും ഒന്നാം നിര നടിയായി തിളങ്ങുന്ന മലയാളത്തിന്റെ മീരാ ജാസ്മിന്‍ കന്നഡ സിനിമയിലും തന്റെ സാന്നിധ്യം അറിയിക്കുന്നു. രാജ്കുമാറിന്റെ മകന്‍ പുനീത് രാജ്കുമാറിന്റെ നായികയായാണ് മീരാ ജാസ്മിന്‍ കന്നഡയില്‍ തുടക്കമിടുന്നത്.
തമിഴില്‍ മാധവന്‍, അജിത്ത്, വിജയ്, ശ്യാം തുടങ്ങിയ പ്രമുഖതാരങ്ങളുടെ നായികയായി അഭിനയിച്ച് ഒന്നാം നിരയിലേക്ക് ഉയര്‍ന്ന മീരക്ക് തെലുങ്കിലും തിരക്കേറെയാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും മികച്ച നടിയായി പേരെടുത്ത മീര കന്നഡ ചിത്രത്തിലും നായികയാവുന്നതോടെ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും അഭിനയിക്കുന്ന മലയാളനടിയാവുകയാണ്. കന്നഡയിലും മീരയുടെ സാന്നിധ്യം ശ്രദ്ധേയമാവുകയാണെങ്കില്‍ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഒന്നാം നിര നടിയായി അംഗീകരിക്കപ്പെടുന്ന താരമെന്ന അപൂര്‍വവിശേഷണം മീരക്ക് സ്വന്തം.
കന്നഡയിലെ ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ എസ്. നാരായണ്‍ സംവിധാനം ചെയ്യുന്ന കന്നഡ ചിത്രത്തിലാണ് മീര നായികയായി വേഷമിടുന്നത്. പ്രണയകഥ പറയുന്ന കാമ്പസ് പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തില്‍ ഒരു ആധുനിക പെണ്‍കുട്ടിയാണ് മീര അഭിനയിക്കുന്നത്.
കന്നഡയിലെ ഏറ്റവും വിലപിടിച്ച താരമായി തിളങ്ങിനില്‍ക്കുന്ന പുനീത് രാജ്കുമാറിന്റെ നായികയായാണ് അഭിനയിക്കുന്നതെന്നത് മീരയുടെ കന്നഡയിലെ അരങ്ങേറ്റത്തിന് തിളക്കമേറ്റുന്നു. തെലുങ്കിലും തമിഴിലും പ്രമുഖ നടന്‍മാരുടെ നായികയായാണ് മീര അഭിനയിക്കുന്നത്.
ബാംഗ്ലൂരിലും പരിസരത്തുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരികയാണ്. കന്നഡയിലെ പ്രശസ്തരായ റോജ, ദേവരാജ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications