പതാകയ്ക്ക് നിറമാറ്റം
പതാകയ്ക്ക് നിറമാറ്റം
ജൂലൈ 9, 2006
ഒരു സിനിമയ്ക്ക് രാഷ്ട്രീയത്തെ സ്വാധീനിക്കാനാവുമോ? പ്രത്യേകിച്ചും കേരളത്തിലെ പ്രത്യേക രാഷ്ട്രീയ കാലാവസസ്ഥയില്‍. ഒരു ഉറപ്പുമില്ലെങ്കിലും പതാക എന്ന ചിത്രത്തിലൂടെ നടത്തിയത് അതിനുള്ള ശ്രമമായിരുന്നു. പക്ഷേ ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി. രാഷ്ട്രീയത്തിന് സിനിമയെ സ്വാധീനിക്കാനാവും. സിനിമയുടെ കഥയെയും തിരക്കഥയെയും സംഭാഷണങ്ങളെയും റിലീസിംഗിനെയും മാറ്റിമറിക്കാനാവും.
നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് റിലീസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി നായകനായ പതാക സംവിധായകന്‍ കെ.മധു ഒരുക്കിയത്. പക്ഷേ തിരഞ്ഞെടുപ്പിനു മുമ്പ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനായില്ല. അതോടെ സിനിമ പുറത്തിറങ്ങണമെങ്കില്‍ പതാകയുടെ നിറം മാറ്റേണ്ടിവരുമെന്ന സ്ഥിതിവന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തോല്‍വി നേരിടേണ്ടി വന്ന മുന്‍മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ഇമേജ് മെച്ചപ്പെടുത്താനും മൊത്തത്തില്‍ ഒരു വെള്ളപൂശല്‍ നടത്താനുമാണ് പതാക എന്ന ചിത്രം പുറത്തിറക്കുന്നതെന്ന് കേട്ടിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഐസ്ക്രീം കേസ് എപ്പിസോഡ് പോലെ ജോര്‍ജ് തര്യന്‍ എന്ന വ്യവസായ മന്ത്രിക്കു നേരിടേണ്ടിവരുന്ന ലൈംഗികാപവാദ കേസാണ് പതാകയുടെ പ്രമേയം. എല്ലാ ആരോപണങ്ങളെയും ചെറുത്തുതോല്പിച്ച് ക്ലീന്‍ ഇമേജുമായി തിരിച്ചുവരുന്ന ചിത്രത്തിലെ ജോര്‍ജ് തര്യനെ പോലെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനും ഈ ചിത്രം സഹായിക്കുമെന്നായിരുന്നത്രെ കണക്കുകൂട്ടല്‍!! ബിനാമി ഇടപാടിലൂടെയാണ് ചിത്രത്തിന് വേണ്ടി മുടക്കുമുതല്‍ ഇറക്കിയിരുന്നതത്രെ.
പക്ഷേ തിരഞ്ഞെടുപ്പിനു മുമ്പ് പതാക പുറത്തിറങ്ങിയില്ല. തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി തോറ്റു. കേരളത്തിന്റെ രാഷ്ട്രീയചിത്രം ആകെ മാറി. ഇന്നത്തെ രാഷ്ട്രീയാവസ്ഥയില്‍ പതാക പുറത്തിറക്കിയാല്‍, ജനങ്ങളെ സ്വാധീനിക്കാന്‍ വേണ്ടി സിനിമ തട്ടിക്കൂട്ടിയ ആളുകളെ ജനങ്ങള്‍ തല്ലുമെന്ന സ്ഥിതിയായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഭയക്കുന്നു. എന്നാല്‍ ചിത്രം ഏതുവിധമെങ്കിലും പുറത്തിറക്കുകയും വേണം. അതിനുള്ള വഴി ഒടുവില്‍ കണ്ടെത്തി- പതാകയുടെ നിറം മാറ്റുക.
ചിത്രത്തിലെ പല ഭാഗങ്ങളും പൊളിച്ചെഴുതി പുനര്‍ചിത്രീകരണം നടത്തി. അങ്ങനെ പതാകയുടെ നിറം മാറ്റിയെടുത്തു. നിറം മാറിയ പതാക കൈയിലേന്താന്‍ പ്രേക്ഷകര്‍ തയ്യാറാവുമോയെന്നാണ് ഇനി അറിയേണ്ടത്.


Click it and Unblock the Notifications