മമ്മൂട്ടി പ്രതിനായകനാവുന്നു
മമ്മൂട്ടി പ്രതിനായകനാവുന്നു
ജൂലൈ 10, 2004
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതിനായകന്‍. ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന കാഴ്ച എന്ന ചിത്രം പൂര്‍ത്തിയായതിന് ശേഷം പ്രതിനായകന്റെ ഷൂട്ടിംഗ് തുടങ്ങും.
ഗുണ്ടയായി ജീവിച്ചതിന് ശേഷം പൊലീസ് ഓഫീസറാവുന്ന ഒരാളുടെ കഥയാണ് പ്രതിനായകന്‍ പറയുന്നത്. മമ്മൂട്ടിയുടെ എല്ലാ മാനറിസങ്ങളും ചൂഷണം ചെയ്യുന്ന ഒരു കഥാപാത്രത്തെയാണ് പ്രതിനായകനില്‍ ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടിയുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. പൊലീസ് വേഷങ്ങളില്‍ കസറിയിട്ടുള്ള മമ്മൂട്ടിയുടെ മറ്റൊരു ഉജ്ജ്വല പൊലീസ് കഥാപാത്രമായിരിക്കും പ്രതിനായകനിലേത്. ഒപ്പം ഗുണ്ടയായുള്ള മമ്മൂട്ടിയുടെ ആന്റിഹീറോ പരിവേഷത്തിലുള്ള വിളയാട്ടവും ഈ ചിത്രത്തില്‍ കാണാം.
ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാലാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യമായാണ് ഒരു രഞ്ജിത്ത് ചിത്രം ലാല്‍ നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഹിറ്റ്ലര്‍ ലാല്‍ ക്രിയേഷന്‍സാണ് നിര്‍മിച്ചിരുന്നത്. ചിത്രം റംസാന് പ്രദര്‍ശനത്തിനെത്തിക്കാനാണ് ആലോചിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് പ്രതിനായകനെങ്കിലും മമ്മൂട്ടി ചിത്രത്തിന് രഞ്ജിത്ത് നേരത്തെ തിരക്കഥയെഴുതിയിട്ടുണ്ട്. ഷാജി കൈലാസ്-മമ്മൂട്ടി ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ വല്യേട്ടന്റെ തിരക്കഥ രഞ്ജിത്തിന്റേതായിരുന്നു.


Click it and Unblock the Notifications