തുരുപ്പുഗുലാനുമായി മമ്മൂട്ടി
തുരുപ്പുഗുലാനുമായി മമ്മൂട്ടി
ജൂലൈ 10, 2005
സിഐഡി മൂസ, കൊച്ചിരാജാവ് എന്നീ ഹിറ്റ്ചിത്രങ്ങളുടെ സംവിധായകനായ ജോണി ആന്റണി ഒരുക്കുന്ന പുതിയ ചിത്രമാണ് തുരുപ്പുഗുലാന്‍. തന്റെ ആദ്യത്തെ രണ്ട് ചിത്രങ്ങളിലും ദിലീപായിരുന്നു നായകനെങ്കില്‍ ജോണി ആന്റണി മമ്മൂട്ടിയെ നായകനാക്കിയാണ് പുതിയ ചിത്രം ഒരുക്കുന്നത്.
സിഐഡി മൂസയുടെയും കൊച്ചിരാജാവിന്റെയും തിരക്കഥ രചിച്ച ഉദയ്കൃഷ്ണ-സിബി കെ. തോമസ് ടീമാണ് ഈ ചിത്രത്തിനും രചന നിര്‍വഹിക്കുന്നത്. ഇരുവരും ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
മമ്മൂട്ടിക്കായി ശക്തമായ കഥാപാത്രമാണ് ഒരുക്കിയിരിക്കുന്നത്. മലബാറിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയില്‍ എവിടെ അനീതി കണ്ടാലും പ്രതികരിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്.
തൊമ്മനും മക്കളും എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി കോമഡി കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. മമ്മൂട്ടിക്കു അനുയോജ്യമായ കോമഡി രംഗങ്ങളാണ് ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. വര്‍ണചിത്രയുടെ ബാനറില്‍ സുബൈറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications