»   » കഥാവശേഷന്റെ കഥ

കഥാവശേഷന്റെ കഥ

Posted By:
Subscribe to Filmibeat Malayalam

കഥാവശേഷന്റെ കഥ
ജൂലൈ 11, 2004

ഗ്രാമത്തിന്റെയും ഓര്‍മയാവുന്ന തനതുസംസ്കാരത്തിന്റെയും പശ്ചാത്തലങ്ങളാണ് പൊതുവെ ആര്‍ട് ചിത്രങ്ങള്‍ക്ക് പഥ്യം. ആധുനിക ജീവിതത്തിന്റെ അവസ്ഥാഭേദങ്ങള്‍ പശ്ചാത്തലമാക്കുന്നതിനോട് പൊതുവെ സമാന്തര സിനിമക്ക് ഒരു വൈമുഖ്യമുണ്ട്. സമാന്തര സിനിമയുടെ പ്രമേയ സ്വീകരണത്തിലെ ഈ പൊതുരീതിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുകയാണ് ടി. വി. ചന്ദ്രന്‍ തന്റെ പുതിയ ചിത്രത്തിലൂടെ.

പാഠം ഒന്ന് ഒരു വിലാപത്തിന് ശേഷം ടി. വി. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന കഥാവശേഷന്‍ എന്ന ചിത്രത്തില്‍ മഹാനഗരങ്ങളില്‍ മാറിമാറി താമസിക്കേണ്ടിവരുന്ന ഒരു സിവില്‍ എഞ്ചിനീയറുടെ മാനിസകതലവും ജീവിതവീക്ഷണവുമാണ് പ്രമേയമാവുന്നത്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി നാഗരികനായി കഴിയുന്ന അയാളുടെ കണ്ണിലുള്ള ഇന്ത്യന്‍ ജീവിതത്തിലേക്കാണ് ഇത്തവണ ചന്ദ്രന്റെ ചിത്രം എത്തിനോക്കുന്നത്. ചന്ദ്രന്റെ മുന്‍ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ പ്രമേയം.

പ്രമേയത്തില്‍ മാത്രമല്ല തന്റെ പതിവ്രീതിയില്‍ നിന്ന് ചന്ദ്രന്‍ മാറിനടക്കാന്‍ ശ്രമിക്കുന്നത്. പൊതുവെ ഗാനങ്ങളോ ഗാനരംഗങ്ങളോടോ ഉള്‍പ്പെടുത്താത്ത ആര്‍ട് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ചിത്രത്തില്‍ ഒരു ഗാനമുണ്ട്. ഗാനമെഴുതുന്നതും കച്ചവട സിനിമയില്‍ സജീവമായി നില്‍ക്കുന്ന സാങ്കേതിക പ്രവര്‍ത്തകരാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനത്തിന് സംഗീതം നല്‍കുന്നത് എം. ജയചന്ദ്രനാണ്.

ദിലീപാണ് സിവില്‍ എഞ്ചിനീയറായ ഗോപിനാഥമേനോന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അഭിനയിക്കുന്നത്. ഏറെ അഭിനയസാധ്യതയുള്ള ഈ കഥാപാത്രം ദിലീപിന്റെ മുന്‍വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും.

സതീഷ് മേനോന്റെ ഭവം എന്ന ചിത്രമാണ് ഇതിനുമുമ്പ് മലയാളത്തിലെ സമാന്തര സിനിമയുടെ പൊതുരീതിയില്‍ നിന്ന് മാറിനടക്കാന്‍ ശ്രമിച്ച് ശ്രദ്ധ നേടിയത്. ഈ ചിത്രവും നാഗരികജീവിതത്തില്‍ സ്വത്വം നഷ്ടപ്പെടുന്ന മനുഷ്യരുടെ ജീവിതമാണ് ആവിഷ്കരിച്ചത്.

ഭവത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജ്യോതിര്‍മയിയാണ് കഥാവശേഷനിലെ നായിക. രേണുകാമേനോന്‍ എന്ന പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് ജ്യോതിര്‍മയി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ലെനിന്‍ രാജേന്ദ്രന്റെ അന്യര്‍ എന്ന ചിത്രത്തിലും ജ്യോതിര്‍മയി പത്രപ്രവര്‍ത്തകയായി അഭിനയിച്ചിട്ടുണ്ട്.

ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, ജനാര്‍ദനന്‍, ഇന്ദ്രന്‍സ്, ശിവജി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സിഐഡി മൂസക്ക ് ശേഷം ദിലീപ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ടി. വി. ചന്ദ്രന്‍ തന്നെയാണ്. ക്യാമറ ജയന്‍.

തിരുവനന്തപുരം, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രീകരണം കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് തുടങ്ങി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X