കാക്കിനക്ഷത്രത്തില്‍ ജഗദീഷും നിഷാന്തും
കാക്കിനക്ഷത്രത്തില്‍ ജഗദീഷും നിഷാന്തും
ജൂലായ് 12, 2002
വിജയ് പി. നായര്‍ സംവിധാനം ചെയ്യുന്ന കാക്കിനക്ഷത്രത്തില്‍ ജഗദീഷും നിഷാന്ത് സാഗറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആതിരയും ചാര്‍മിളയുമാണ് നായികമാര്‍.
ജ്യേഷ്ഠാനുജന്മാരായാണ് ജഗദീഷും നിഷാന്ത് സാഗറും ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ടാക്സി ഡ്രൈവറായ ബാലനും അച്യുതന്‍കുട്ടിയും തമ്മില്‍ സഹോദരര്‍ എന്ന നിലയില്‍ കവിഞ്ഞുള്ള സ്നേഹബന്ധമാണുള്ളത്. തന്റെ അനുജനെ ഒരു പൊലീസ് ഇന്‍സ്പെക്ടറാക്കി മാറ്റുകയെന്നതായിരുന്നു അച്യുതന്‍കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം.
ജ്യേഷ്ഠന്റെ ആഗ്രഹം അനുജന്‍ സഫലമാക്കി. സ്വന്തം നാട്ടില്‍ തന്നെ നിയമനവും ലഭിച്ചു. എന്നാല്‍ ദുരന്തം അവരുടെ ജീവിതത്തെ പിടികൂടുകയായിരുന്നു. അച്യുതന്‍കുട്ടി എസ് ഐയായി സ്ഥാനമേറ്റ ദിവസം തന്നെ ബാലന്‍ കൊല ചെയ്യപ്പെട്ടു.
തന്റെ ജ്യേഷ്ഠന്റെ കൊലപാതക കേസ് തന്നെയാണ് അച്യുതന്‍കുട്ടിക്ക് ആദ്യം അന്വേഷിക്കേണ്ടിവന്നത്. അന്വേഷണത്തിനിടയില്‍ അനേകം പ്രതിബന്ധങ്ങളുണ്ടായി. ആ പ്രതിബന്ധങ്ങളെ അതിജീവിച്ച് വമ്പന്മാരായ ശത്രുക്കളെ അച്യുതന്‍കുട്ടി കീഴടക്കുന്നതിന്റെ കഥയാണ് കാക്കിനക്ഷത്രം പറയുന്നത്.
ബാലനായി അഭിനയിക്കുന്നത് ജഗദീഷും അച്യുതന്‍കുട്ടിയായി അഭിനയിക്കുന്നത് നിഷാന്ത് സാഗറുമാണ്. ദേവന്‍, രാജന്‍ പി. ദേവ്, നരേന്ദ്രപ്രസാദ്, മാള അരവിന്ദന്‍, സലിം കുമാര്‍, സാജു കൊടിയന്‍, ജയന്‍, തരുണ്‍, ബി. വി. ദേവ്, മഞ്ജു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പ്രകാശ് ചോക്കാടിന്റേതാണ് രചന. എസ്. രമേശന്‍ നായരുടെ ഗാനങ്ങള്‍ക്ക് സഞ്ജീവ് ബാബു സംഗീതം പകരുന്നു. ക്യാമറ അനില്‍ നായര്‍.
വേമ്പനാട് ഫിലിംസിന്റെ ബാനറില്‍ സായികുമാറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications