മമ്മൂട്ടിയുടെ നായികയായി സംയുക്ത
മമ്മൂട്ടിയുടെ നായികയായി സംയുക്ത
ജൂലായ് 16, 2002
സിദ്ദികിന്റെ മമ്മൂട്ടി ചിത്രം ക്രോണിക് ബാച്ചിലറില്‍ സംയുക്താ വര്‍മ നായികയാവുന്നു. ആദ്യമായാണ് സംയുക്ത മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുന്നത്.
മെഗാഹിറ്റായിരുന്ന ഹിറ്റ്ലര്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന രണ്ടാമത്തെ സിദ്ദിക് ചിത്രമാണ് ക്രോണിക് ബാച്ചിലര്‍. മുന്‍ചിത്രങ്ങളിലെന്ന പോലെ ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത് സിദ്ദിക് തന്നെ.
സിദ്ദിക് ലാല്‍ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചിട്ടുള്ള മുകേഷും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിയറ്റ്നാം കോളനി, കാബൂളിവാല എന്നിവയൊഴികെയുള്ള എല്ലാ സിദ്ദിക് ലാല്‍ ചിത്രങ്ങളിലും മുകേഷ് പ്രധാന വേഷം ചെയ്തിട്ടുണ്ട്.
കാവേരിയാണ് മുകേഷിന്റെ നായികയായി അഭിനയിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം ഗൗതമി മലയാളത്തില്‍ വീണ്ടുമെത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ക്രോണിക് ബാച്ചിലറിന്.
സത്യപ്രതാപന്‍ എന്ന വന്‍ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. തന്റെ പ്രയത്നം കൊണ്ടുമാത്രം വളര്‍ന്നുവന്നയാളാണ് സത്യപ്രതാപന്‍. ഒരു വ്യാപാരശൃംഖല തന്നെ ഇന്ന് അയാള്‍ക്ക് സ്വന്തമായുണ്ട്.
സമ്പന്നതയുടെ മടിത്തട്ടിലും മായാത്ത ഓര്‍മകളുടെ വേദന അയാളുടെ മനസിലുണ്ടായിരുന്നു. പ്രായം മധ്യവയസിനോട് അടുത്തെങ്കിലും ഇപ്പോഴും ഒരു ക്രോണിക് ബാച്ചിലറായി അയാള്‍ തുടരുന്നത് ആ ഓര്‍മകള്‍ വേട്ടയാടുന്നത് മൂലമാണ്.
സത്യപ്രതാപന്റെ വലംകൈ ശ്രീകുമാറാണ്. ചെറുപ്പത്തില്‍ തന്നെ സഹായിച്ച ഒരാളുടെ മകനാണ് ശ്രീകുമാര്‍. മുകേഷാണ് ശ്രീകുമാറിനെ അവതരിപ്പിക്കുന്നത്.
ഇന്നസെന്റ്, ജഗദീഷ്, ജനാര്‍ദനന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, സലിംകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
കൈതപ്രത്തിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് പുതുമുഖ സംഗീത സംവിധായകനായ ദീപക് ദേവാണ്.


Click it and Unblock the Notifications