അരുണ്‍ കൂത്തമ്പലത്തില്‍
അരുണ്‍ കൂത്തമ്പലത്തില്‍
ജൂലൈ 16, 2004
ഫോര്‍ ദി പീപ്പിളിലൂടെ ശ്രദ്ധേയനായ അരുണ്‍ നായകനാവുന്ന ചിത്രമാണ് കൂത്തമ്പലം. കൂടിയാട്ടത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഇസ്കന്ദര്‍ മിര്‍സയാണ്. ജയരാജിന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുളള മിര്‍സ ഈ ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനാവുകയാണ്.
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട അരുണിന് ഫോര്‍ ദി പീപ്പിള്‍ സൂപ്പര്‍ഹിറ്റായതോടെ സിനിമയില്‍ തിരക്കേറുകയാണ്. ക്വട്ടേഷന്‍ എന്ന ചിത്രത്തിലും അരുണ്‍ നായകനാവുന്നുണ്ട്.
ഫോര്‍ ദി പീപ്പിളിലെ മറ്റൊരു നായകനായ സുനിലും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത കൂടിയാട്ട കലാകാരിയായ മാര്‍ഗി സതിയുടെ മകള്‍ രേവതിയാണ് ചിത്രത്തിലെ നായിക.
ദേശാടനം, പൈതൃകം തുടങ്ങിയ ജയരാജിന്റെ ചില ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുളള മാടമ്പ് കുഞ്ഞുകുട്ടനാണ് ജയരാജിനോടൊപ്പം പ്രവര്‍ത്തിച്ചതിന് ശേഷം സ്വതന്ത്രസംവിധായകനാവുന്ന ഇസ്കന്ദര്‍ മിര്‍സയുടെ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മാടമ്പ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വേണുജി, ഹരീഷ് പശുപതി, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, കലാമണ്ഡലം ഷൈലജ, പ്രതാപന്‍ നെല്ലിക്കാത്തറ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എം. ജെ. രാധാകൃഷ്ണനാണ്. എഡിറ്റിംഗ് അജിത്. ചിത്രതാര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹംസ കളപ്പറമ്പത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications