കുഞ്ഞിക്കൂനന്റെ ചിത്രീകരണം തുടങ്ങി
കുഞ്ഞിക്കൂനന്റെ ചിത്രീകരണം തുടങ്ങി
ജൂലായ് 17, 2002
ദിലീപ് ഡബിള്‍ റോളില്‍ അഭിനയിക്കുന്ന കുഞ്ഞിക്കൂനന്റെ ചിത്രീകരണം തുടങ്ങി. ശശി ശങ്കറാണ് സംവിധാനം. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായാണ് ആദ്യഘട്ടം ഷൂട്ടിംഗ്.
ഒരു ഘട്ടത്തില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച പദ്ധതിയാണ് ഇത്. എന്നാല്‍ വിഘ്നങ്ങള്‍ നീങ്ങി മേഘം തെളിഞ്ഞപ്പോള്‍ ചിത്രം വീണ്ടും തുടങ്ങുകയാണ്.
രാമഗിരിയിലെ കൂനനും അന്ധയായ പെണ്‍കുട്ടിയും തമ്മിലുളള പ്രണയത്തിന്റെ കഥയാണ് കുഞ്ഞിക്കൂനന്‍ പറയുന്നത്. കുഞ്ഞന്‍ എന്ന കൂനനെയും സഹോദരന്‍ പ്രസാദിനെയും ദിലീപ് അവതരിപ്പിക്കുന്നു. രാമന്‍ഗിരിയിയെന്ന സാങ്കല്‍പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്.
ഇവിടെ ഒരു ടെലഫോണ്‍ ബൂത്ത് നടത്തുകയാണ് കുഞ്ഞന്‍. കുഞ്ഞന്റെ ടെലിഫോണ്‍ ബൂത്ത് കൊണ്ടാണ് കുടുംബം കഴിഞ്ഞു പോകുന്നത്. അനുജന്‍ പ്രസാദ്. അവന്റെ പഠനച്ചെലവും കുഞ്ഞനാണ് നോക്കുന്നത്. ഇവിടേയ്ക്ക് വരുന്ന സര്‍ക്കസ് ട്രൂപ്പിലെ മനോഹരിയായ പെണ്‍കുട്ടിയാണ് ചെമ്പകം. ചെമ്പകം അന്ധയാണ്.
രാമന്‍ഗിരിയില്‍ വച്ച് ചെമ്പകത്തിന്റെ അച്ഛന്‍ മരിക്കുന്നു. അവള്‍ അനാഥയാകുന്നു. അവളുടെ സംരക്ഷണം കുഞ്ഞന്‍ ഏറ്റെടുക്കുന്നു. അവളും രാമന്‍ഗിരിയില്‍ ഒരു ടെലഫോണ്‍ ബൂത്ത് നടത്തുന്നു. അവര്‍ പരസ്പരം സ്നേഹിക്കുന്നു.
പ്രസാദ് സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് ലക്ഷ്മി. ഒരപകടത്തില്‍ ലക്ഷ്മിയെ പ്രസാദിന് നഷ്ടപ്പെടുന്നു. ഈ അപകടം പ്രസാദിനെക്കാളേറെ ബാധിയ്ക്കുന്നത് കുഞ്ഞനെയും ചെമ്പകത്തെയുമാണ്. കഥ ഇവിടെ വഴിമാറുന്നു.
നവ്യാ നായരാണ് ലക്ഷ്മി. ചെമ്പകത്തെ അവതരിപ്പിക്കുന്നത് ഒരു പുതുമുഖം. മഴത്തുളളിക്കിലുക്കത്തിനും ഗ്രാമഫോണിനും ശേഷം നവ്യ ദിലീപിന്റെ നായികയാവുകയാണ് ഈ ചിത്രത്തില്‍.
നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ്, സലിം കുമാര്‍, ബിന്ദു പണിക്കര്‍ എന്നിവരാണ് കുഞ്ഞിക്കൂനനിലെ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നത്.
ദിലീപിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരിക്കും കുഞ്ഞിക്കൂനന്‍.


Click it and Unblock the Notifications