twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപി ജാഗ്രതൈ!

    By Staff
    |

    സുരേഷ് ഗോപി ജാഗ്രതൈ!
    ജൂലൈ 17, 2005

    ബുദ്ധിപൂര്‍വം നീങ്ങിയില്ലെങ്കില്‍ വിജയങ്ങള്‍ വെറും ഓര്‍മയായി തീരുന്ന ഗതികേടായിരിക്കും താരങ്ങളെ തേടിയെത്തുക. തകര്‍ച്ചക്കു ശേഷമുള്ള തിരിച്ചുവരവിനൊരുങ്ങുന്ന സുരേഷ് ഗോപി പ്രത്യേകിച്ച് ഓര്‍ത്തിരിക്കേണ്ട കാര്യമാണിത്.

    ഏകലവ്യന്‍, കമ്മിഷണര്‍ എന്നീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായതോടെ സുരേഷ് ഗോപി മലയാളത്തിലെ സൂപ്പര്‍സ്റാര്‍ പൊലീസാവുന്നതാണ് കണ്ടത്. പൊലീസ് വേഷത്തിലെ വീരസാഹസിക പരാക്രമങ്ങളിലൂടെ പ്രേക്ഷകരെ കിടിലം കൊള്ളിക്കുന്ന ഒരു പിടി സുരേഷ് ഗോപി ചിത്രങ്ങളാണ് പിന്നാലെയെത്തിയത്.

    തോക്കെടുത്തും എടുക്കാതെയും യൂണിഫോമിട്ടും ഇടാതെയും സുരേഷ് ഗോപി എന്ന സൂപ്പര്‍പൊലീസ് താരം മലയാളത്തില്‍ കത്തിനിന്നു. ആവര്‍ത്തനസ്വഭാവമുള്ള നെടുങ്കന്‍ ഡയലോഗുകള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്ത് സുരേഷ് ഗോപി കസറി. എഫ്ഐആര്‍, ക്രൈം ഫയല്‍ തുടങ്ങിയ ഒരു പിടി ചിത്രങ്ങളിലൂടെ സുരേഷ് ഗോപി വീണ്ടും വീണ്ടും പൊലീസായെത്തി.

    പക്ഷേ ആവര്‍ത്തനം അരോചകമായപ്പോള്‍ പ്രേക്ഷകര്‍ക്ക് സുരേഷ് ഗോപിയുടെ പൊലീസ് കഥാപാത്രങ്ങളെ മടുത്തു. നടനെന്ന നിലയിലുള്ള സുരേഷ് ഗോപിയുടെ പതനവും അവിടെ തുടങ്ങി. പൊലീസ് കഥാപാത്രങ്ങളോട് വിട പറഞ്ഞ് കുടുംബനായകനിലേക്കും സമാന്തര സിനിമയിലെ കഥാപാത്രങ്ങളിലേക്കും കൂടുമാറിയെങ്കിലും അതൊന്നും ഈ നടന് പ്രയോജനം ചെയ്തില്ല.

    ഇപ്പോള്‍ കമ്മിഷണറുടെ രണ്ടാം ഭാഗമായ ഭരത്ചന്ദ്രന്‍ ഐപിഎസ്സിലൂടെ സുരേഷ് ഗോപി തിരിച്ചുവരവിനൊരുങ്ങുകയാണ്. വീണ്ടും സുരേഷ് ഗോപിയുടെ പൊലീസ് കഥാപാത്രം. എന്നാല്‍ മുമ്പ് സംഭവിച്ചതു പോലെ ഈ രണ്ടാം വരവിലും സുരേഷ് ഗോപി ടൈപ്പ് ചെയ്യപ്പെടുകയാണോ? ഈ ടൈപ്പ് ചെയ്യപ്പെടല്‍ മറ്റൊരു പതനത്തിലേക്കാണോ സുരേഷ് ഗോപിയെ നയിക്കുക?

    ആഗസ്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ഭരത്ചന്ദ്രന്‍ ഐപിഎസ് എന്ന രഞ്ജി പണിക്കര്‍ ചിത്രം സൂപ്പര്‍ഹിറ്റാവുമെന്നാണ് സിനിമാലോകത്തിന്റെ കണക്കുകൂട്ടല്‍. പക്ഷേ ഒരു നടനെ ടൈപ്പ് ചെയ്യാന്‍ സിനിമാ വ്യവസായ രംഗത്തുള്ളവര്‍ക്ക് അങ്ങനെയൊരു പ്രതീക്ഷ മാത്രം മതിയെന്നു തോന്നുന്നു. ഭരത്ചന്ദ്രന്‍ ഐപിഎസ് റിലീസ് ചെയ്യുന്നതിന് മുമ്പു തന്നെ സുരേഷ് ഗോപിയെ കാത്തിരിക്കുന്നത് പുതിയ പൊലീസ് വേഷങ്ങളാണ്.

    ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എസ്പിയാണ് അടുത്ത സുരേഷ് ഗോപി ചിത്രം. ഈ ചിത്രത്തില്‍ യൂണിഫോമിടാത്ത പൊലീസ് ഓഫീസറായാണ് സുരേഷ് ഗോപി പ്രത്യക്ഷപ്പെടുന്നത്. ചിന്താമണി കൊലക്കേസ് ആണ് സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം. എ. കെ. സാജനാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

    ഏകലവ്യന്‍, കമ്മിഷണര്‍ തുടങ്ങിയ ചിത്രങ്ങളിലെ പൊലീസ് വേഷങ്ങളിലൂടെ സൂപ്പര്‍താരമായി മാറിയ സുരേഷ് ഗോപി ടൈപ്പ് ചെയ്യപ്പെടുകയും കാമ്പില്ലാത്ത പൊലീസ് വേഷങ്ങളില്‍ സ്വയം ആവര്‍ത്തിക്കുകയും ചെയ്ത് സ്വന്തം പതനത്തിന് വഴിയൊരുക്കുകയായിരുന്നു. ഏകലവ്യന്‍, കമ്മിഷണര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഷാജി കൈലാസിനെ പോലുള്ള സംവിധായകര്‍ എഫ്ഐആര്‍ പോലുള്ള ചിത്രങ്ങളിലൂടെ സുരേഷ് ഗോപിയുടെ പതനത്തിനും കുഴിതോണ്ടി.

    ഇപ്പോള്‍ പൊലീസ് വേഷങ്ങളിലൂടെ തിരിച്ചുവരവിന് ശ്രമിക്കുന്ന സുരേഷ് ഗോപിയെ വീണ്ടും പഴയ ദുരന്തത്തിന്റെ ആവര്‍ത്തനമാണോ കാത്തിരിക്കുന്നത്? ഭരത്ചന്ദ്രന്‍ ഐപിഎസ് സൂപ്പര്‍ഹിറ്റായാലും തുടര്‍ന്നുവരുന്ന ചിത്രങ്ങള്‍ വിജയിച്ചില്ലെങ്കില്‍ സുരേഷ് ഗോപിക്ക് അത് ക്ഷീണവും മറ്റൊരു പതനത്തിനുള്ള തുടക്കവുമാവും.

    സുരേഷ് ഗോപിയെ വീണ്ടും പൊലീസാക്കുന്ന എസ്പി, ചിന്താമണി കൊലക്കേസ് തുടങ്ങിയ ചിത്രങ്ങള്‍ വിജയമാവുമെന്ന് ഒരു തീര്‍ച്ചയുമില്ല. കവര്‍സ്റോറി, ഷാജി കൈലാസിന്റെ തന്നെ ശിവം തുടങ്ങിയ വന്‍ഫ്ലോപ്പുകള്‍ക്ക് തിരക്കഥയെഴുതിയ ബി. ഉണ്ണിക്കൃഷ്ണനാണ് എസ്പിക്ക് തിരക്കഥയൊരുക്കുന്നത്. ചിന്താമണി കൊലക്കേസ് ഒരുക്കുന്ന എ. കെ. സാജന്‍ മുമ്പ് സംവിധാനം ചെയ്ത ഏകചിത്രം നിര്‍മാതാവിന് വലിയ സാമ്പത്തികനഷ്ടം വരുത്തിവച്ച വയലന്‍സ് ആണ്.

    ഈ ചിത്രങ്ങള്‍ വിജയിച്ചില്ലെങ്കില്‍ ഒരു പതനം ആവര്‍ത്തിക്കേണ്ട നിലയിലാവില്ലേ മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍താര പദവിയിലെത്തിയ ഈ നടന്‍? പഴയ പിഴവുകള്‍ ആവര്‍ത്തിക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ സുരേഷ് ഗോപി സൂക്ഷിക്കുക.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X