ജയരാജിന്റെ ആനച്ചന്തത്തില്‍ ജയറാം
ജയരാജിന്റെ ആനച്ചന്തത്തില്‍ ജയറാം
ജൂലൈ 17, 2006
ജീവിതത്തില്‍ ജയറാമിന്റെ ആനക്കമ്പം പ്രശസ്തമാണ്. സിനിമയില്‍ ഒരു ആനപാപ്പാനായി അഭിനയിക്കണമെന്ന ഒരു മോഹം നേരത്തെ ജയറാമിനുണ്ടായിരുന്നു. തന്റെ മുഖവും ശരീരവും ഒരു ആനപാപ്പാനായി അഭിനയിക്കുന്നതിന് ചേരില്ലെന്ന് മനസിലാക്കിയതോടെ ജയറാം ആ മോഹം ഉപേക്ഷിച്ചു.
ആനക്കാരനായി അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സിനിമയിലും ജീവിതത്തിലേ പോലെ ആനക്കമ്പക്കാരനാകാന്‍ കഴിഞ്ഞതില്‍ ജയറാം തീര്‍ത്തും സന്തുഷ്ടനാണ്. ജീവിതത്തിലെ ആനക്കമ്പം ആനച്ചന്തമായി സിനിമയില്‍ നിറയുമ്പോള്‍ ജയറാമിന്റെ മുഖത്ത് തികഞ്ഞ സംതൃപ്തി.
ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആനക്കമ്പക്കാരനായ രാമകൃഷ്ണന്‍ എന്ന കഥാപാത്രത്തെ ജയറാം അവതരിപ്പിക്കുന്നത്. ഗുരുവായൂരില്‍ ആനപ്പട്ടകളുടെ കരാറുകാരനാണ് രാമകൃഷ്ണന്‍. ആനച്ചന്തം തലയ്ക്കു പിടിച്ചപ്പോള്‍ ജീവിതമാര്‍ഗവും ആനകളിലൂടെയായി. മാമ്പുള്ളി അര്‍ജുനന്‍ എന്ന ആനയെ രാമകൃഷ്ണന് വല്ലാതങ്ങ് സ്നേഹമാണ്.
ഒരു ആനക്കമ്പക്കാരന്റെ വിചിത്ര സ്നേഹങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ പേര് ആനച്ചന്തം. പട്ടാഭിഷേകം എന്ന ചിത്രത്തിനു ശേഷം ആനയും കഥാപാത്രമായി വരുന്ന മറ്റൊരു ജയറാം ചിത്രം.
വിജയങ്ങള്‍ അന്യമായതിന്റെ സമയദോഷം തീര്‍ക്കാന്‍ ആനച്ചന്തത്തിലെ രാമകൃഷ്്ണന്റെ ആനക്കമ്പങ്ങള്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ജയറാം. ജയരാജുമായി ഒന്നിക്കുന്ന ജയറാം കോമ്പിനേഷനിലും ചില മാറ്റങ്ങള്‍ പരീക്ഷിക്കുകയാണ്.
ചിത്രത്തിലെ നായിക രമ്യാനമ്പീശനാണ്. സായികുമാര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, പ്രേംപ്രകാശ്, ടോം ജേക്കബ്, ഡോ.വേണുഗോപാല്‍, രാമു, കെ.പി.എ.സി.ലളിത ബിന്ദു പണിക്കര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുധീഷ് ജോണ്‍. ജെ.നായരുടെ ഈണങ്ങള്‍ക്ക് കാനേഷ് പൂനൂരും പി.അരവിന്ദനും വരികള്‍ എഴുതിയിരിക്കുന്നു. ഛായാഗ്രഹണം വേണുഗോപാല്‍.
സ്വാഗത് ഫിലിംസിന്റെ ബാനറില്‍ സമദ് മങ്കട നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി നടന്നുവരുന്നു. അരോമ മൂവീസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications