ഇംഗ്ലണ്ടിനെ ഇളക്കിമറിക്കുന്ന ബെക്കാം
ഇംഗ്ലണ്ടിനെ ഇളക്കിമറിക്കുന്ന ബെക്കാം
ജൂലായ് 18, 2002
ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം ഇംഗ്ലണ്ടില്‍ ബോക്സോഫീസിനെ ഇളക്കിമറിക്കുന്നു. ആദ്യത്തെ 11 ആഴ്ച കൊണ്ട് 1.10 കോടി പൗണ്ടാണ് ചിത്രത്തിന്റെ കളക്ഷന്‍. കളക്ഷനില്‍ റെക്കോഡ് സൃഷ്ടിച്ച ബെക്കാം ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഉടനെ ഇന്ത്യയിലെത്തും.
ആദ്യചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയനായ ഇന്ത്യക്കാരനായ സംവിധായകന്‍ ഗുരീന്ദര്‍ ഛദയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എഴുത്തുകാരന്‍ കൂടിയാണ് ഗുരീന്ദര്‍ ഛദ. ഛദയുടെ ആദ്യചിത്രങ്ങളായ ബാജി ഒണ്‍ ദി ബീച്ച്, വാട്ടീസ് കുക്കിംഗ് എന്നീ ചിത്രങ്ങള്‍ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിരുന്നു.
ലോകത്തിലെ ഒന്നാംകിട ഫുട്ബോള്‍ താരങ്ങളിലൊരാളായ ഡേവിഡ് ബെക്കാമിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തി വന്‍വിജയം ലക്ഷ്യമിട്ടാണ് ഛദ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഡേവിഡ് ബെക്കാമിനെ തീവ്രമായി ആരാധിക്കുന്ന കൗമാരം കടന്ന ഒരു പെണ്‍കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ജസ് എന്ന പെണ്‍കുട്ടി ഇംഗ്ലണ്ടില്‍ വളര്‍ന്ന ഇന്ത്യക്കാരിയാണ്.
ബെക്കാമിനെ പോലെ ഫുട്ബോള്‍ കളിക്കണമെന്നത് മാത്രമാണ് അവളുടെ ജീവിതത്തിലെ ലക്ഷ്യം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമൊപ്പം ഗ്രൗണ്ടുകളില്‍ അവള്‍ പന്തുതട്ടി നടന്നു.
ഒരു പ്രാദേശിക വനിതാ ഫുട്ബോള്‍ ക്ലബില്‍ ജസ് അംഗമായി. എല്ലാവരും ജസിന്റെ പ്രായക്കാര്‍. അവളെ പോലെ ഫുട്ബോളും ബെക്കാമും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍. അവരുടെ ജീവിതത്തിലുണ്ടാവുന്ന വഴിത്തിരിവുകളാണ് ഈ കോമഡി ചിത്രം അവതരിപ്പിക്കുന്നത്.
ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും നടീനടന്മാര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പര്‍മീന്ദര്‍ നഗ്ര, കിരാ നൈറ്റ്ലി, ജൊനാതന്‍, റിംസ് മെയേഴ്സ്, അനുപം ഖേര്‍, ആര്‍ച്ചി പഞ്ചാബി, ഷസ്നാ ലൂയിസ്, അമിത ചന, ഫ്രാങ്ക് ഹാര്‍പര്‍, ജൂലിയറ്റ് സ്വെന്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.


Click it and Unblock the Notifications