തിലകത്തില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍
തിലകത്തില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍
ജൂലായ് 18, 2002
സൂര്യാ ടിവിയിലെ കോമഡി ടൈം എന്ന പരിപാടിയിലൂടെ ടി വി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ കൂട്ടിക്കല്‍ ജയചന്ദ്രന്റെ രണ്ടാമത്തെ ചിത്രം ഒരുങ്ങുന്നു. ശശിമോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിലകം എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രത്തില്‍ രണ്ട് നായകന്മാരുണ്ട്. നടന്‍ സോമന്റെ മകന്‍ സജി സോമനാണ് മറ്റൊരു നായകന്‍. ഉമാശങ്കരിയാണ് ചിത്രത്തിലെ നായിക. ജോമോളും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രഘു, രവി എന്നീ കൂട്ടുകാരായാണ് ജയചന്ദ്രനും സജി സോമനും ചിത്രത്തില്‍ അഭിനയിക്കുന്നത്. രവിയുടെ കാമുകിയാണ് മായ. ഇരുവരും തമ്മിലുള്ളബന്ധത്തിന് വീട്ടുകാര്‍ എതിരു നിന്നപ്പോള്‍ അവര്‍ രജിസ്റര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. ലേഡീസ് ഹോസ്റലില്‍ നിന്ന് അവളെ കടത്തിക്കൊണ്ടുവരുന്നതിന് കൂട്ടുനിന്നത് രഘുവാണ്. ഇരുവരുടെയും വിവാഹത്തിന് രഘുവും ഗീതയും സാക്ഷികളായി.
സന്തുഷ്ടരായി ജീവിക്കാന്‍ ഏറെ കാലം രവിക്കും മായക്കും കഴിഞ്ഞില്ല. ഒരു അപകടത്തില്‍ പെട്ട് രവിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കിടപ്പിലായ അയാള്‍ കുറച്ചു ദിവസത്തിന് ശേഷം മരിച്ചു.
രഘു മായയുടെ സംരക്ഷണം ഏറ്റെടുത്തു. ഒരു സഹോദരിയായാണ് അവന്‍ അവളെ കണ്ടത്. ദു:ഖത്തില്‍ നിന്നും ആഘാതത്തില്‍ നിന്നും അവളെ കരകയറ്റാന്‍ അവന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാരും ബന്ധുക്കളും ആ ബന്ധത്തെ മറ്റൊരു തരത്തിലാണ് കണ്ടത്. അതോടെ അവരുടെ ജീവിതത്തില്‍ സംഘര്‍ഷം മുറുകാന്‍ തുടങ്ങി.
മായയെ അവതരിപ്പിക്കുന്നത് ഉമാശങ്കരിയാണ്. ഗീതയെ ജോമോളും.
മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന ചിത്രത്തിന് ശേഷം ശശിമോഹന്‍ സംവിധാനം ചെയ്യുന്ന തിലകത്തിന്റെ തിരക്കഥ രചിക്കുന്നതും അദ്ദേഹം തന്നെ. സോമന്‍ തൈക്കാടിന്റേതാണ് കഥ.
ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ജെറി അമല്‍ദേവാണ് സംഗീതം പകരുന്നത്. എം. ജി. ശ്രീകുമാര്‍, ചിത്ര എന്നിവര്‍ പാടുന്നു.
ന്യൂ എറ ഇന്‍ഫോം മീഡിയയുടെ ബാനറില്‍ യു. ശശിധരനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications