പുതുമുഖങ്ങളുമായി റോഷന്റെ നോട്ട്ബുക്സ്
പുതുമുഖങ്ങളുമായി റോഷന്റെ നോട്ട്ബുക്സ്
ജൂലൈ 18, 2006
തുടക്കം സൂപ്പര്‍താരം നായകനായ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ സിനിമ ചെയ്യാന്‍ തുടര്‍ന്ന് ലഭിച്ച അവസരങ്ങളുടെ പ്രവാഹത്തിലേക്ക് റോഷന്‍ ആന്‍ഡ്രൂസ് കൂപ്പുകുത്തിയില്ല. തന്റെ മനസിലുള്ള, തനിക്കിഷ്ടമുള്ള ചിത്രങ്ങള്‍ മാത്രമേ ചെയ്യൂവെന്ന നിശ്ചയദാര്‍ഢ്യത്തോടെ ഓഫറുകളില്‍ നിന്ന് മാറിനിന്നു.
ഒരു നീണ്ട ഇടവേളക്കു ശേഷം മോഹന്‍ലാലിന് ഉദയനാണ് താരത്തിലൂടെ സൂപ്പര്‍ഹിറ്റ് സമ്മാനിച്ച റോഷന്‍ ആന്‍ഡ്രൂസ് മലയാളത്തില്‍ അടുത്ത ചിത്രത്തിനായി വീണ്ടും സംവിധായക വേഷമണിയുമ്പോള്‍ അത് മറ്റൊരു സൂപ്പര്‍താര മെഗാ പ്രോജക്ടല്ല. മറിച്ച് പുതുമുഖങ്ങളെ അണിനിരത്തി നോട്ട്ബുക്സ് എന്ന ഒരു കൊച്ചുചിത്രം. മുടക്കുമുതലിറക്കുന്നത് മികച്ച ലോ ബജറ്റ് സിനിമകളുടെ നിര്‍മാതാക്കളായി പേരെടുത്തിട്ടുള്ള ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്.
പ്ലസ് ടു സ്കൂള്‍ പശ്ചാത്തലത്തില്‍ കൗമാരമനസുകളുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ ആരംഭിച്ചു. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ബോബി സഞ്ജയ്.
31 ദിവസങ്ങള്‍ കൊണ്ട് ഊട്ടി, കാനഡ, കോഴിക്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും. ചിത്രത്തിലെ നടീനടന്‍മാര്‍ക്കായി കൊച്ചിയില്‍ നേരത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.


Click it and Unblock the Notifications