For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോഹി വീണ്ടും തിരക്കഥ നല്‍കുന്നു

  By Staff
  |

  ലോഹി വീണ്ടും തിരക്കഥ നല്‍കുന്നു

  ജൂലൈ 19, 2005

  മലയാളത്തിലെ മികച്ച ചില സിനിമകള്‍ക്ക് തിരക്കഥയെഴുതുകയും ഏതാനും സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്ത ലോഹിതദാസിന് ഇപ്പോള്‍ പൊതുവെ നല്ല സമയമല്ല. സംവിധായകന്റെ തൊപ്പിയണിഞ്ഞതിനു ശേഷമാണ് ലോഹിതദാസിനെ ഈ സമയദോഷം ബാധിച്ചത്.

  തനിയാവര്‍ത്തനം, കിരീടം, ദശരഥം, ഭരതം, അമരം, ചെങ്കോല്‍ തുടങ്ങിയ ഒരു പിടി ചിത്രങ്ങളുടെ മികവ് തിരക്കഥാകൃത്തായ ലോഹിതദാസിനും അവകാശപ്പെട്ടതാണ്. മികച്ച ക്രാഫ്റ്റ്മാനായാണ് ലോഹി എന്ന തിരക്കഥാകൃത്ത് അറിയപ്പെടുന്നത്. ലോഹിയുടെ മികച്ച തിരക്കഥകള്‍ സിനിമയാക്കിയിട്ടുള്ള സിബി മലയിലിന് ലോഹിയുമായി പിരിഞ്ഞതിനു ശേഷം പഴയ പേര് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച നാലോ അഞ്ചോ തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും ലോഹിക്ക് സ്ഥാനമുണ്ട്.

  ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കിയണിഞ്ഞ ലോഹിതദാസിന് ആദ്യചിത്രം വലിയ പ്രശംസയാണ് നേടിക്കൊടുത്തത്. സാമ്പത്തികമായി വിജയമായില്ലെങ്കിലും നമുക്ക് ചുറ്റും സംഭവിക്കുന്ന ചില പാതകങ്ങളെ സ്നേഹിക്കാന്‍ മാത്രമുള്ള കഴിവിനൊപ്പം മാനസിക ശൈഥില്യവും ദൗര്‍ബല്യവും മാത്രം കൂട്ടായുള്ള വിദ്യാധരന്‍ എന്ന കഥാപാത്രത്തിന്റെ വിഭ്രാന്തി നിറഞ്ഞ മാനസികലോകത്തിലൂടെ നോക്കിക്കാണുന്ന ഭൂതക്കണ്ണാടി മികച്ച ഒരു ചലച്ചിത്രാനുഭവമായിരുന്നു. കച്ചവട സിനിമയുടെ പതിവുരീതികളില്‍ ഒതുങ്ങിനില്‍ക്കാതെ സ്വതന്ത്രമായ ഒരു പരീക്ഷണത്തിന് ഭൂതക്കണ്ണാടിയില്‍ ലോഹി ധൈര്യം കാട്ടി. എന്നാല്‍ ഭൂതക്കണ്ണാടിയുടെ മികവ് പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ലോഹിക്ക് നിലനിര്‍ത്താനായില്ല.

  കാരുണ്യം, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, കസ്തൂരിമാന്‍, ചക്രം തുടങ്ങിയ ലോഹിതദാസ് ചിത്രങ്ങളില്‍ മിക്കതും ശരാശരിയോ അതില്‍ താഴെയോ നിലവാരം പുലര്‍ത്തുന്നവയാണ്. കസ്തൂരിമാനും ജോക്കറും മാത്രമാണ് ഇക്കൂട്ടത്തില്‍ മികവ് അവകാശപ്പെടാവുന്ന ചിത്രങ്ങള്‍. എന്നാല്‍ ലോഹിതദാസ് തിരക്കഥയെഴുതിയ മുന്‍കാല ചിത്രങ്ങളുടെ നിലവാരം ഈ ചിത്രങ്ങള്‍ക്കുമില്ല. കസ്തൂരിമാന്‍ മാത്രമാണ് ലോഹി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഹിറ്റായത്.

  ചക്രം പോലുള്ള ഒരു ചിത്രത്തിലൂടെ തന്റെ നിലവാരം ലോഹി സ്വയം ഇടിച്ചുതാഴ്ത്തുന്നതാണ് കണ്ടത്. ഒരു സംവിധായകന്റെ ആത്മഹത്യാപരമായ സംരംഭം എന്ന വിശേഷണം അര്‍ഹിക്കുന്ന ചിത്രമായിരുന്നു ചക്രം. പ്രേക്ഷകര്‍ നിരാകരിച്ച ഈ ചിത്രം വന്‍പരാജയമായി. നിര്‍മാതാവിന് വലിയ സാമ്പത്തികനഷ്ടം വരുത്തിവച്ച ചിത്രമാണത്. ചക്രത്തിന്റെ നിലവാരമില്ലായ്മയും പരാജയവും ലോഹി എന്ന സംവിധായകന്റെ നിലനില്പിനു തന്നെ ഭീഷണിയായി. കസ്തൂരിമാനിലൂടെ നടത്തിയ തിരിച്ചുവരവിന്റെ നേട്ടം ചക്രത്തിലെ ചൂതാട്ടപ്രിയനായ നായകനെ പോലെ സ്വയം നശിപ്പിക്കുകയായിരുന്നു ലോഹി. ലോഹി സംവിധാനം ചെയ്യുന്ന ഒരു ചിത്രം നിര്‍മിക്കാന്‍ നിര്‍മാതാവിനെ കിട്ടാനില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

  ചെമ്പട്ട് എന്ന ചിത്രം ലോഹി തുടങ്ങിവച്ചതാണെങ്കിലും നിര്‍മാതാവ് പിന്‍വാങ്ങിയതോടെ ചിത്രീകരണം മുടങ്ങി. തുടര്‍ന്ന് ലോഹിയുടെ സ്ഥിരം നായിക മീരാ ജാസ്മിന്‍ ചിത്രം നിര്‍മിക്കാമെന്നേറ്റതാണ് പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്താപരമ്പര സൃഷ്ടിച്ച മീരയും കുടുംബവുമായുള്ള വഴക്കിന് കാരണമായത്. ഏതായാലും ചെമ്പട്ടിനെ കുറിച്ച് ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ല.

  ഇപ്പോള്‍ ലോഹിതദാസ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരികയാണെങ്കിലും അത് തമിഴിലാണ്. കസ്തൂരിമാന്റെ തമിഴ് റീമേക്ക് നിര്‍മിക്കുന്നത് ലോഹിയുടെ ഭാര്യയാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും ചിത്രത്തിന് പണമിറക്കുന്നത് മീരയാണെന്നാണ് അണിയറ സംസാരം.

  ഏതായാലും തന്നെ വിശ്വസിച്ച് ഒരു നിര്‍മാതാവും ഉടനൊന്നും ഒരു ചിത്രമൊരുക്കാന്‍ മുന്നോട്ടുവരില്ലെന്ന് ബോധ്യമായതു കൊണ്ടാണെന്ന് തോന്നുന്നു, ലോഹി തത്കാലം സംവിധായകന്റെ മേലങ്കി മാറ്റിവയ്ക്കുകയാണ്. പഴയതു പോലെ മറ്റു സംവിധായകര്‍ക്കു വേണ്ടി തിരക്കഥ രചിച്ചു നല്‍കാന്‍ ലോഹി തയ്യാറായിരിക്കുന്നു.

  സംവിധാനരംഗത്തേക്കു കടന്നതിനു ശേഷം മറ്റൊരു സംവിധായകന്റെ ചിത്രത്തിനായി ലോഹി സഹകരിച്ചിട്ടുള്ളത് ഒരിക്കല്‍ മാത്രമാണ്. സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ലോഹി തിരക്കഥ രചിച്ചത്. മറ്റൊരു സംവിധായകനും തിരക്കഥ നല്‍കാന്‍ ലോഹി തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത്തരം കടുംപിടുത്തങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് ലോഹി.

  ലോഹി തിരക്കഥ രചിക്കുന്ന ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്യുന്നത് സത്യന്‍ അന്തിക്കാട് തന്നെയാണ്. ഈ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനും ലോഹി തിരക്കഥയെഴുതുന്നണ്ട്. മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ നായകന്‍.

  കുറച്ചുകാലം തിരക്കഥാരചനയില്‍ മാത്രമായി കേന്ദ്രീകരിച്ച് തന്റെ സമയദോഷം മറികടക്കാനുള്ള ശ്രമത്തിലാണ് ലോഹി. തന്റെ രചനക്ക് ഇപ്പോഴും പഴയ ആഴവും ആര്‍ജവവും ഉണ്ടെന്നുകൂടി ലോഹിക്ക് തെളിയിക്കേണ്ടതുണ്ട്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X