twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജ് വീണ്ടും കാക്കിയില്‍

    By Staff
    |

    പൃഥ്വിരാജ് വീണ്ടും കാക്കിയില്‍
    ജൂലൈ 21, 2005

    കുഞ്ചാക്കോ ബോബനെയോ ജയസൂര്യയെയോ തേടി ഇതുവരെ ഒരു പൊലീസ് വേഷമെത്തിയിട്ടില്ല. എന്തിന് ദിലീപിനു പോലും സിഐഡി മൂസയിലേതു പോലെ ശിക്കാരി ശംഭു സ്റൈല്‍ പ്രൈവറ്റ് ഇന്‍വെസ്റിഗേറ്ററായി അഭിനയിക്കാനല്ലാതെ ഒരു മുഴുനീള പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടാനുള്ള അവസരം ലഭിച്ചിട്ടില്ല.

    ഇവരെ ഒരു പൊലീസ് വേഷം ഏല്പിക്കാനുള്ള ധൈര്യം ഒരു സംവിധായകനും ഇതുവരെ കാട്ടിയിട്ടില്ല എന്നതാണ് സത്യം. അതിനു വേണ്ട ആകാരഗാംഭീര്യം ഇവര്‍ക്കില്ലെന്ന തോന്നലുള്ളതുകൊണ്ടാവാം.

    പൊലീസ് വേഷം അവതരിപ്പിക്കാന്‍ വേണ്ട ആകാരസൗഷ്ടവമുണ്ടായിട്ടും ജയറാമിന് ഒരു സീരിയസ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യമായി അവസരം ലഭിച്ചത് ഈ വര്‍ഷം മാത്രമാണ്. പൊലീസ് വേഷം മുമ്പും ലഭിച്ചിട്ടുണ്ടെങ്കിലും ഒരു സീരിയസ് പൊലീസ് കഥാപാത്രത്തില്‍ ജയറാം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഈ വര്‍ഷം പുറത്തിറങ്ങിയ ഫിംഗര്‍ പ്രിന്റ് എന്ന ചിത്രത്തിലാണ്.

    അതേ സമയം കരിയറില്‍ മൂന്നോ നാലോ വര്‍ഷം മാത്രം തികച്ച പൃഥ്വിരാജ് ഇതാ മൂന്നാമതൊരു പൊലീസ് വേഷം കൂടി ചെയ്യാന്‍ പോകുന്നു! സത്യം, ദി പൊലീസ് എന്നീ ചിത്രങ്ങളില്‍ പൊലീസായി തിളങ്ങിയതിനു ശേഷമാണ് മൂന്നാമതൊരു ചിത്രത്തില്‍ കൂടി പൃഥ്വി കാക്കിയിടുന്നത്. ചിത്രത്തിന്റെ പേരും കാക്കി എന്നാണ്.

    വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന ചിത്രത്തില്‍ ആദ്യമായി പൊലീസ് വേഷമണിഞ്ഞ പൃഥ്വിരാജ് പൊലീസ് കഥാപാത്രമായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ചിത്രം വിജയമായില്ലെങ്കിലും പൃഥിയുടെ പ്രകടനം ശ്രദ്ധേയമായി.

    കഴിഞ്ഞ മാസം പുറത്തിറങ്ങിയ ദി പൊലീസ് എന്ന ചിത്രത്തിലാണ് പൃഥ്വി വീണ്ടും പൊലീസായത്. കാക്കിയിടാത്ത പൊലീസ് ഓഫീസറുടെ വേഷമായിരുന്നു പൃഥ്വിക്ക് ഈ ചിത്രത്തില്‍. ഈ ചിത്രവും വിജയിച്ചില്ല. പക്ഷേ കഥാപാത്രത്തോട് പൃഥ്വി പൂര്‍ണമായും നീതി പുലര്‍ത്തി.

    വിജയങ്ങള്‍ അന്യമായി നില്‍ക്കുമ്പോഴും വീണ്ടുമൊരു പൊലീസ് വേഷം പൃഥ്വിയെ തേടിയെത്തുകയാണ്. അമ്മക്കിളിക്കൂടിനു ശേഷം എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാക്കി. ജി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൂര്യഗായത്രിയാണ് ചിത്രം നിര്‍മിക്കുന്നത്.

    ജഗതി ശ്രീകുമാര്‍, ലാലു അലക്സ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. റോബിന്‍ തിരുമലയുടേതാണ് രചന. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ശ്രീറാം സംഗീതം നല്‍കുന്നു. ഛായാഗ്രഹണം വെങ്കിടേഷ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X