ലാല്‍ ലണ്ടനിലെ ശില്പി
ലാല്‍ ലണ്ടനിലെ ശില്പി
ജൂലൈ 25, 2006
വാണിജ്യ സിനിമക്ക് തത്കാലം മോഹന്‍ലാല്‍ അവധി കൊടുത്തിരിക്കുകയാണ്. ഒന്നിനു പിറകെ ഒന്നായി തുടര്‍ച്ചയായി രണ്ടു വാണിജ്യേതര ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. തുടര്‍ച്ചയായ നാല് ഹിറ്റുകള്‍ കൊയ്തതോടെ മോഹന്‍ലാല്‍ സിനിമകളുടെ വാണിജ്യമൂല്യം കുത്തനെ ഉയര്‍ന്നിരിക്കുമ്പോഴാണ് വാണിജ്യസിനിമകളില്‍ നിന്ന് തത്കാലം മോഹന്‍ലാല്‍ വിട്ടുനില്‍ക്കുന്നത്!
പി.ടി.കുഞ്ഞുമുഹമ്മദിന്റെ പരദേശി എന്ന ചിത്രം മോഹന്‍ലാല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. സ്വന്തം നാട്ടില്‍ പരദേശിയായി കഴിയേണ്ടി വരുന്ന ഒരു മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന പരദേശി മോഹന്‍ലാലിന്റെ അപാരമായ അഭിനയസിദ്ധി ചൂഷണം ചെയ്യുന്ന ചിത്രമാണെന്നാണ് സിനിമാവൃത്തങ്ങള്‍ വിലയിരുത്തുന്നത്.
പരദേശിയുടെ ലൊക്കേഷനായ ഒറ്റപ്പാലത്തു നിന്നും മോഹന്‍ലാല്‍ പോയത് ലണ്ടനിലേക്കാണ്. കെ.പി.കുമാരന്റെ ആകാശഗോപുരം എന്ന ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗും ഇവിടെയാണ് നടക്കുന്നത്. ഏറെ അഭിനയസാധ്യതകളുള്ള മറ്റൊരു കഥാപാത്രമാണ് വാണിജ്യേതര സ്വഭാവമുള്ള ഈ ചിത്രത്തിലും മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. പാശ്ചാത്യലോകത്ത് പ്രതിഭ തെളിയിക്കുന്ന മലയാളിയായ ഒരു ശില്പിയുടെ വേഷമാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്.
ഇബ്സന്റെ മാസ്റര്‍ ബില്‍ഡര്‍ എന്ന നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ ഭരത് ഗോപി, മീരാ ജാസ്മിന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications