മാതൃഭൂമി-ഏഷ്യാനെറ്റ് ചിത്രം മേഘമല്‍ഹാര്‍
മാതൃഭൂമി-ഏഷ്യാനെറ്റ് ചിത്രം മേഘമല്‍ഹാര്‍
ജൂലായ് 26, 2001
ബിജുമേനോനെയും സംയുക്താവര്‍മ്മയെയും പ്രധാന കഥാപാത്രങ്ങളായി മാതൃഭൂമി ടെലിവിഷനും ഏഷ്യാനെറ്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് മേഘമല്‍ഹാര്‍ എന്ന് പേരിട്ടു. കമലാണ് സംവിധാനം ചെയ്യുന്നത്.
കളിക്കൂട്ടുകാരായ രാജീവും നന്ദിതാ മേനോനും ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്നു. വീണ്ടും കാണുമ്പോഴേക്കും ഇരുവരുടെയും വിവാഹം കഴിഞ്ഞിരുന്നു. കുട്ടികളുമുണ്ട്. പക്ഷെ ഇവരുടെ പ്രണയത്തിന് അത് തടസ്സമാകുന്നില്ല. പ്രണയവും കുറ്റബോധവും പേറി നടക്കുന്നതിനിടയില്‍ ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ സന്ധിക്കുന്നു. അപ്പോള്‍ മറ്റൊരു വിശേഷവും കൂടി ഉണ്ടാകുന്നു. രാജീവിന്റെ ഭാര്യയും നന്ദിതയുടെ ഭര്‍ത്താവും നേരത്തെ അറിയുന്നവര്‍.
ഈ നാലു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മേഘമല്‍ഹാര്‍ പുരോഗമിക്കുന്നത്. രാജീവിനെ ബിജു മോനോനും നന്ദിതയെ സംയുക്താ വര്‍മ്മയും അവതരിപ്പിക്കുന്നു. നന്ദിതയുടെ ഭര്‍ത്താവായി സിദ്ദിഖും രാജീവിന്റെ ഭാര്യയായി പൂര്‍ണിമാ മോഹനും വേഷമിടുന്നു. രാഘവന്‍, ബാബു സ്വാമി, ശ്രീനാഥ്, രഞ്ജിനി മേനോന്‍, ശിവജി, ബേബി സനുഷ, ബേബി അന്‍സു, മാസ്റര്‍ ബദരീനാഥ്, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവരും അഭിനയിക്കുന്നു.
ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് കമല്‍ തന്നെ. ഒ.എന്‍.വിയുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ ഈണം നല്‍കുന്നു. ഛായാഗ്രഹണം വേണുഗോപാല്‍.


Click it and Unblock the Notifications