ജയറാമിന്റെ സമയദോഷം മാറിയോ?
ജയറാമിന്റെ സമയദോഷം മാറിയോ?
ജൂലൈ 26, 2006
മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും സുരേഷ് ഗോപിയും തുടര്‍ച്ചയായി ഹിറ്റുകള്‍ തീര്‍ക്കുമ്പോള്‍ അവരുമായി താരതമ്യപ്പെടുത്താനാവാത്ത വിധത്തിലാണ് കരിയര്‍ഗ്രാഫില്‍ ജയറാമിന്റെ സ്ഥാനം. എങ്കിലും പരാജയ പരമ്പരയോടെ കരിയറിലെ ഏറ്റവും മോശപ്പെട്ട സമയത്തിലകപ്പെട്ട ജയറാം പതുക്കെ പതനനത്തില്‍ നിന്ന് തിരികെ കയറുകയാണോ?
ജയറാമിനെ നായകനാക്കി ഒരു ചിത്രം അനൗണ്‍സ് ചെയ്തതിനു ശേഷം നിര്‍മാതാവ് പിന്‍മാറിയതോടെ സംവിധായകന് ആ പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്ന സ്ഥിതി പോലുമുണ്ടായിരുന്നു. എന്നാല്‍ ജയറാമിനെ സംബന്ധിച്ച് സ്ഥിതി ഇപ്പോള്‍ അല്പം മെച്ചപ്പെട്ടിട്ടുണ്ട്. ജയറാമിനെ തേടി പുതിയ പ്രൊജക്ടുകള്‍ ഒന്നിനു പിറകെ ഒന്നായെത്തുന്നു.
പരാജയ പരമ്പരയെ തുടര്‍ന്ന് ഒരു ഇടവേളക്കു ശേഷം രാജസേനനുമായി ഒന്നിച്ച് പുറത്തിറക്കിയ മധുചന്ദ്രുലേഖയും വലിയ വിജയമൊന്നുമായിരുന്നില്ല. എന്നാല്‍ ആ ചിത്രത്തിനു ശേഷം ജയറാമിന് വീണ്ടും ഏതാനും ചിത്രങ്ങള്‍ കൂടി കിട്ടി.
വി.കെ.പ്രകാശ് സംവിധാനം ചെയ്ത മൂന്നാമതൊരാള്‍ എന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സിനിമ എന്ന വിശേഷണവുമായെത്തുന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങിക്കഴിഞ്ഞു.
ഇപ്പോള്‍ ജയരാജിന്റെ ആനച്ചന്തം എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ജയറാം. ആന ഒരു കഥാപാത്രമായി വന്ന ജയറാമിന്റെ പട്ടാഭിഷേകം സൂപ്പര്‍ഹിറ്റായിരുന്നു. അതുപോലൊരു വിജയം ആനച്ചന്തത്തിലും പ്രതീക്ഷിക്കുകയാണ് ജയറാം.
രാജസേനനുമായി ഒരു ചിത്രം കൂടി ജയറാം പ്ലാന്‍ ചെയ്തിട്ടുണ്ട്. അരോമയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. നിര്‍മാതാക്കള്‍ ജയറാമിനെ വച്ച് പടം ചെയ്യാന്‍ മടിക്കുമ്പോഴാണ് വന്‍കിട ബ്രാന്റായ അരോമ അതിനായി മുന്നോട്ടുവന്നത്.


Click it and Unblock the Notifications