»   » പൂപോലൊരിഷ്ടം

പൂപോലൊരിഷ്ടം

Posted By:
Subscribe to Filmibeat Malayalam

പൂപോലൊരിഷ്ടം
ജൂലായ് 27, 2002

മലയാളത്തില്‍ പ്രണയമഴ നിലക്കാതെ പെയ്യുകയാണ്. തുളസീദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വ്യത്യസ്തമായ ഒരു പ്രണയകഥയാണ് പ്രമേയം.

പ്രണയകഥയുടെ സൂചനയായി ചിത്രത്തിനിട്ട പ്രണയമണിത്തൂവല്‍ എന്ന പേര് മാറ്റി. പുതിയ പേരിനും പ്രണയസ്പര്‍ശമുണ്ട്. പൂപോലൊരിഷ്ടം എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പുതിയ പേര്.

വിനീത്കുമാറും ജയസൂര്യയും നായകന്മാരാകുന്ന ചിത്രത്തില്‍ നായികാവേഷമണിയുന്നത് പുതുമുഖനടിയാണ്- ഗോപിക.

ഉറ്റസുഹൃത്തുക്കളാണ് ബാലഗോപാലും സുന്ദറും. നഗരത്തില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കുന്ന ഇരുവരും ഒന്നിച്ചാണ് താമസം. ഒരു ദിവസം യാദൃശ്ചികമായി ബസ് യാത്രക്കിടയില്‍ ബാലഗോപാല്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. ആദ്യകാഴ്ചയില്‍ തന്നെ അവള്‍ അവന്റെ മനസില്‍ ഇടം പിടിച്ചു.

പിന്നീട് പല യാത്രകളിലും അവളെ അവന്‍ കണ്ടു. അവള്‍ ആരെന്നറിയാന്‍ അവന് കൗതുകമായി. അവളെ പിന്തുടര്‍ന്ന് അവന്‍ അത് കണ്ടുപിടിച്ചു. നഗരത്തിലെ ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ ജോലി ചെയ്യുകയാണ് അവള്‍. പേര് മീര.

യാത്രകള്‍ക്കിടയില്‍ മീരയും ബാലഗോപാലിനെ ശ്രദ്ധിച്ചിരുന്നു. അവര്‍ക്കിടയില്‍ പതുക്കെ സൗഹൃദം ജനിക്കുകയും അത് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. ആ ബന്ധത്തിന് സുന്ദറിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു.

മീരയെ വിവാഹം ചെയ്യണമെന്ന ആഗ്രഹം ബാലഗോപാല്‍ അഛനമ്മമാരോട് പറഞ്ഞു. അവന്റെ ഇഷ്ടത്തിന് അവര്‍ എതിരായിരുന്നില്ല. മീരയെ കാണാനായി ബാലഗോപാലിന്റെ അമ്മ അവളുടെ വീട്ടില്‍ ചെന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായ പ്രതികരണമാണ് മീരയില്‍ നിന്നുണ്ടായത്. ബാലഗോപാലുമായുള്ള വിവാഹത്തിന് തനിക്ക് താത്പര്യമില്ലെന്ന് മീര പറഞ്ഞു. മീരയുടെയും ബാലഗോപാലിന്റെയും ബന്ധത്തിലെ വഴിത്തിരിവുകളെക്കുറിച്ചാണ് പൂപോലിരിഷ്ടം പറയുന്നത്.

ബാലഗോപാലായി വിനീത്കുമാറും മീരയായി ഗോപികയുമാണ് അഭിനയിക്കുന്നത്. ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, സലികുമാര്‍, ടി. എസ്. രാജു, ബാബു സ്വാമി, ശോഭാ മോഹന്‍, മങ്കാ മഹേഷ്, ബിന്ദു ഷെറിന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കലൂര്‍ ഡെന്നീസാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. ഛായാഗ്രഹണം അനില്‍ ഗോപിനാഥ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X