പ്രണതിക്ക് അന്യഭാഷകളില്‍ തിരക്ക്
പ്രണതിക്ക് അന്യഭാഷകളില്‍ തിരക്ക്
ജൂലൈ 27, 2004
ഫോര്‍ ദി പീപ്പിളിലൂടെ സിനിമയില്‍ തുടക്കമിട്ട പ്രണതിക്ക് മലയാളത്തില്‍ പിന്നീട് കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും അന്യഭാഷകളില്‍ ഈ നടിക്ക് തിരക്കേറുന്നു. തമിഴില്‍ ഗംഭീരം എന്ന ചിത്രത്തില്‍ ശരത്കുമാറിന്റെ നായികയായി അഭിനയിച്ച പ്രണതിയെ തേടി തെലുങ്കില്‍ നിന്നും കന്നഡത്തില്‍ നിന്നും അവസരങ്ങളെത്തുകയാണ്.
85 ദിവസം പിന്നിട്ട ഗംഭീരം സൂപ്പര്‍വിജയമായി കഴിഞ്ഞു. ഈ ചിത്രത്തില്‍ ശരത്കുമാറിന്റെ ഭാര്യയായും മകളായും ഇരട്ടവേഷത്തിലാണ് പ്രണതി അഭിനയിച്ചത്. ഈ ചിത്രത്തോടെ തമിഴില്‍ പ്രണതി ഏറെ ശ്രദ്ധിക്കപ്പെട്ടു. സുന്ദര്‍രാജന്‍ സംവിധാനം ചെയ്ത ഉയിരെഴുത്ത് എന്ന തമിഴ് ചിത്രത്തിലും പ്രണതി അഭിനയിച്ചു. ഈ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.
തെലുങ്കില്‍ ഗുരുദേവ എന്ന ചിത്രത്തില്‍ ആകാശിന്റെ നായികയായാണ് പ്രണതി അഭിനയിക്കുന്നത്. സന്തോഷ എന്ന ചിത്രത്തിലൂടെ കന്നഡയിലും പ്രണതി അരങ്ങേറ്റം കുറിക്കുന്നു. പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തില്‍ സിദ്ധാര്‍ഥയുടെ നായികയായാണ് പ്രണതി വേഷമിടുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ബാംഗ്ലൂരില്‍ പുരോഗമിക്കുകയാണ്.
ഫോര്‍ ദി പീപ്പിളിലെ തുടക്കത്തിന് മലയാളത്തില്‍ തിളക്കമുള്ള ഒരു തുടര്‍ച്ച പ്രണതിക്ക് കിട്ടിയിരുന്നില്ല. ജിഷ്ണുവിന്റെ നായികയായി ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും കന്നഡ ചിത്രത്തിന്റെ തിരക്ക് കാരണം ആ ഓഫര്‍ പ്രണതി വേണ്ടെന്നുവച്ചു. മലയാളത്തിലെ പഴയകാല നായകന്‍ ജോസിന്റെ മകളാണ് പ്രണതി.


Click it and Unblock the Notifications