മാറാട് സംഭവം സിനിമയാവുന്നു
മാറാട് സംഭവം സിനിമയാവുന്നു
ജൂലൈ 28, 2003
സമകാലീന പ്രശ്നങ്ങള്‍ സിനിമയിലേക്ക് പകര്‍ത്താന്‍ വെമ്പല്‍ കൂട്ടുന്ന സിനിമാ പ്രവര്‍ത്തകര്‍ മാറാട് കൂട്ടക്കൊലയും സിനിമക്ക് പ്രമേയമാക്കുന്നു. മാറാട് സംഭവം ആസ്പദമാക്കി ഹരിദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബിജു മേനോനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാവ്യാ മാധവന്‍ നായികയാവുന്നു. കാവ്യ ആദ്യമായാണ് ബിജുവിന്റെ നായികയായി അഭിനയിക്കുന്നത്.
മമ്മൂട്ടി, എം. ടി. വാസുദേവന്‍ നായര്‍, യേശുദാസ് എന്നിവര്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എം. ടി. ആദ്യമായാണ് ഒരു ചിത്രത്തിന് വേണ്ടി ക്യാമറക്ക് മുന്നിലെത്തുന്നത്. യേശുദാസ് ഇതിനുമുമ്പ് നന്ദനത്തില്‍ അതിഥി വേഷം ചെയ്തിരുന്നു.
കാണാക്കിനാവ് പോലുള്ള സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങള്‍ പ്രമേയമാക്കി തിരക്കഥകള്‍ രചിച്ചിട്ടുള്ള ടി. എ. റസാക്കാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ഹരിദാസ് നേരത്തെ സംവിധാനം ചെയ്തിട്ടുള്ള രാഷ്ട്രീയചിത്രമാണ് കണ്ണൂര്‍.
ഒ. എന്‍. വി. കുറുപ്പ്, കൈതപ്രം, യൂസഫലി കേച്ചേരി, ഗിരീഷ് പുത്തഞ്ചേരി എന്നിവരുടെ ഗാനങ്ങള്‍ക്ക് രവീന്ദ്രന്‍ സംഗീതം നല്‍കുന്നു.


Click it and Unblock the Notifications