മലയാളം മുഖം തിരിച്ചത് അവര്‍ക്ക് ഭാഗ്യമായി
മലയാളം മുഖം തിരിച്ചത് അവര്‍ക്ക് ഭാഗ്യമായി
ജൂലൈ 28, 2005
മലയാളത്തിന് അവരെ വേണ്ട. എന്നാല്‍ അന്യഭാഷകളില്‍ അവര്‍ തിളങ്ങുന്നുവെന്നു മാത്രമല്ല, താരമൂല്യത്തിന്റെ ഉയരങ്ങളിലെത്തുകയും ചെയ്യുന്നു. മലയാളത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന പല നടിമാര്‍ക്കും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഉയര്‍ച്ച അവര്‍ക്ക് അന്യഭാഷകള്‍ നല്‍കുന്നു.
മലയാളികളായ വിദ്യാ ബാലന്റെയും അസിന്‍ തോട്ടുങ്കലിന്റെയും കാര്യത്തിലാണ് ഇതുസംഭവിച്ചത്. മലയാളത്തിലാണ് തുടങ്ങിയതെങ്കിലും മലയാള സിനിമ കൈവിട്ട നടിമാരാണ് ഇരുവരും. ഒന്നോ രണ്ടോ സിനിമയ്ക്കപ്പുറം മലയാളത്തില്‍ ഇവര്‍ക്ക് നിലനില്‍ക്കാനായില്ല. എന്നാല്‍ അതു ഭാഗ്യമായി എന്ന് കരുതുന്ന നടിമാരാണ് ഇരുവരും. അന്യഭാഷകളില്‍ അവര്‍ അത്ര കണ്ടാണ് സ്വീകരിക്കപ്പെടുന്നത്.
പരിനീതയിലെ ഗംഭീരമായ അഭിനയത്തിന് ഏറെ പ്രശംസിക്കപ്പെട്ട വിദ്യാബാലന് ഇപ്പോള്‍ കൈ നിറയെ അവസരങ്ങളാണ്. ഹിന്ദി സിനിമാലോകം വിദ്യയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. മുന്നാഭായി എംബിബിഎസിന്റെ രണ്ടാം ഭാഗമായ മുന്നാഭായി വേഴ്സസ് മഹാത്മായിലും അമിതാഭ് ബച്ചന്‍ നായകനാവുന്ന യായിലും നായികയാവുന്ന വിദ്യ ഹിന്ദിയില്‍ പുതിയ ഉയരങ്ങള്‍ തേടിപ്പിടിക്കുകയാണ്.
തെലുങ്കില്‍ സൂപ്പര്‍നായികയായി തിളങ്ങിയതിനു ശേഷം അസിന്‍ ഇപ്പോള്‍ തമിഴിലെ ഒന്നാം നിര നടിയാണ്. വിജയ്, സൂര്യ, അജിത് തുടങ്ങിയ യുവസൂപ്പര്‍താരങ്ങളുടെ നായികയായി വിലസുന്ന അസിനെ തമിഴ് പ്രേക്ഷകര്‍ തങ്ങളുടെ പ്രിയനായികമാരുടെ കൂട്ടത്തില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു. കൈനിറയെ അവസരങ്ങളുമായി തമിഴില്‍ തിളങ്ങിനില്‍ക്കുകയാണ് അസിന്‍ ഇപ്പോള്‍.
മലയാളികളായ അസിനും വിദ്യയും തമിഴിലും ഹിന്ദിയിലുമൊക്കെ ഈ വിധം താരത്തിളക്കത്തിന്റെ ഉയരങ്ങളിലെത്തുന്നതില്‍ മലയാളത്തിന് അഭിമാനിക്കാം. എന്നാല്‍ അവസരങ്ങള്‍ നിഷേധിക്കുക എന്ന ഭാഗ്യ മാണ് മലയാളത്തില്‍ ഇവര്‍ക്കു കിട്ടിയത്. മോഹന്‍ലാലിനെയും ദിലീപിനെയും നായകരാക്കി കമല്‍ സംവിധാനം ചെയ്തു തുടങ്ങിയ ചക്രം എന്ന ചിത്രത്തിലെ നായികയാവാന്‍ മുംബൈയില്‍ താമസിക്കുന്ന വിദ്യ കേരളത്തിലെത്തിയതാണ്. എന്നാല്‍ ആ ചിത്രം ഇടയ്ക്കുവച്ച് ഉപേക്ഷിച്ചതോടെ വിദ്യയുടെ അവസരമില്ലാതായി. പിന്നീട് കളരിവിക്രമന്‍ എന്ന ചിത്രത്തില്‍ മുകേഷിന്റെ നായികയായി വിദ്യ അഭിനയിച്ചെങ്കിലും ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് മലയാളത്തില്‍ നിന്ന് ഒരു ഓഫര്‍ പോലും വിദ്യയെ തേടിയെത്തിയില്ല.
ഏതായാലും അത് ഭാഗ്യമായെന്നേ ഇപ്പോള്‍ വിദ്യ കരുതുകയുള്ളൂ. അസിന്റെ കാര്യവും അങ്ങനെ തന്നെ. സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ ഉപനായികയുടെ വേഷം ചെയ്താണ് അസിന്‍ സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ഒരു അവസരം പോലും അസിന് മലയാളത്തില്‍ ലഭിച്ചില്ല. മലയാളം നിഷേധിച്ചതിനപ്പുറം തെലുങ്കിലും തമിഴിലും അസിന്‍ നേടിയെടുക്കുന്നതാണ് പിന്നീട് കണ്ടത്.


Click it and Unblock the Notifications