റാഫി മെക്കാര്‍ട്ടിന്‍-ദീലീപ് ടീം വീണ്ടും
റാഫി മെക്കാര്‍ട്ടിന്‍-ദീലീപ് ടീം വീണ്ടും
ജൂലൈ 29, 2004
റാഫി മെക്കാര്‍ട്ടിനും ദിലീപും കഴിഞ്ഞ ചിത്രത്തിന്റെ പേരിലുള്ള പിണക്കം മറന്ന് വീണ്ടും ഒന്നിക്കുന്നു. തെങ്കാശിപ്പട്ടണം, പഞ്ചാബിഹൗസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാഫി മെക്കാര്‍ട്ടിന്‍-ദീലീപ് ടീം വീണ്ടും ഒന്നിക്കുമ്പോള്‍ തിയേറ്ററുകള്‍ ചിരിയുടെ പൂരത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
വന്‍വിജയം നേടിയ ചതിക്കാത്ത ചന്തുവിന് ശേഷം റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് നായകനാവുന്നത്. നവ്യാ നായരാണ് നായിക.
നവംബറില്‍ ചിത്രീകരണം തുടങ്ങും. തെങ്കാശിപ്പട്ടണത്തിന് ശേഷം മൂന്ന് വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് ചതിക്കാത്ത ചന്തു ഒരുക്കിയതെങ്കില്‍ പുതിയ ചിത്രം ഉടന്‍ ചെയ്യാനാണ് റാഫി മെക്കാര്‍ട്ടിന്റെ തീരുമാനം.
റാഫി മെക്കാര്‍ട്ടിന്റെ ഒടുവിലത്തെ ചിത്രത്തിന്റെ പേരില്‍ സംവിധായക ജോഡിയും ദിലീപും തമ്മില്‍ തെറ്റിപ്പിരിഞ്ഞുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ചതിക്കാത്ത ചന്തുവില്‍ ദിലീപിനെയായിരുന്നു ആദ്യം നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ വെട്ടം എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീട്ടിവയ്ക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. അതിന് തയ്യാറാവാതെ റാഫി മെക്കാര്‍ട്ടിന്‍ ജയസൂര്യയെ നായകനാക്കി ചിത്രം തുടങ്ങുകയായിരുന്നു.
ദിലീപിനായി തയ്യാറാക്കിയിരുന്ന കഥാപാത്രത്തിലും കഥയിലും ചില മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം ഒരുക്കിയത്. ദിലീപിനെ നായകനാക്കി ഒരുക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന് ചതിയന്‍ ചന്തുവെന്നാണ് പേരിടാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ ജയസൂര്യ നായകനായി വരികയും കഥയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതോടെ ചിത്രത്തിന്റെ പേര് ചതിക്കാത്ത ചന്തുവെന്നായി.
ഏതായാലും കഴിഞ്ഞ ചിത്രത്തിന്റെ പേരിലുള്ള പിണക്കം മറന്ന് റാഫി മെക്കാര്‍ട്ടിനും ദീലിപും വീണ്ടും ഒന്നിക്കുകയാണ്. റാഫി മെക്കാര്‍ട്ടിന്റെ മറ്റ് ചിത്രങ്ങള്‍ പോലെ പുതിയ ചിത്രത്തിന്റെയും രചന സംവിധായകരുടേതു തന്നെ. ചിത്രത്തിന് പേരിട്ടിട്ടില്ല.
പട്ടണത്തില്‍ സുന്ദരനു ശേഷം ദിലീപും നവ്യാ നായരും നായികാനായകന്‍മാരാവുന്ന ചിത്രമാണിത്.


Click it and Unblock the Notifications