കാശില്ലാതെയും ജീവിക്കാം: മനുരാജ്, ജഗതി
കാശില്ലാതെയും ജീവിക്കാം: മനുരാജ്, ജഗതി
ജൂലായ് 30, 2002
പുതുമുഖ സംവിധായകനായ ജോസ് പുതുശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനുരാജും പ്രദീപും നായകരാവുന്നു. ജഗതി ശ്രീകുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രദീപ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. കാശില്ലാതെയും ജീവിക്കാം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കൂട്ടുകാരാണ് നകുലനും സഹദേവനും. ഗ്രാമത്തില്‍ നിന്ന് ഒരു ജീവനോപാധി തേടി നഗരത്തില്‍ അവരെത്തിയത് ഒട്ടേറെ പ്രതീക്ഷകളുമായാണ്. എന്നാല്‍ നഗരത്തിന്റെ രീതികള്‍ക്കിടയില്‍ എന്തുചെയ്യണമെന്ന അങ്കലാപ്പിലായി അവര്‍. ഇതിനിടെ അവരെ സഹായിക്കാന്‍ കരുണേട്ടനെത്തി. പണ്ട് കരുണേട്ടനുമായി ഇവര്‍ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നു. തങ്ങളെ കണ്ട നിലക്ക് കരുണേട്ടന്‍ കണക്ക് തീര്‍ക്കാന്‍ ശ്രമിക്കുകയാവും ചെയ്യുകയെന്ന് അവര്‍ കരുതിയെങ്കിലും കരുണേട്ടന്‍ അവരെ സഹായിക്കാനാണ് മുതിര്‍ന്നത്.
ഇരുവര്‍ക്കും കരുണേട്ടന്‍ തുണയായി. തുടര്‍ന്ന് നഗരത്തിലെ ജീവിതത്തില്‍ അവര്‍ക്കുണ്ടാവുന്ന രസകരവും കൗതുകകരവുമായ അനുഭവങ്ങളാണ് കാശില്ലാതെയും ജീവിക്കാം പറയുന്നത്.
നകുലനായി അഭിനയിക്കുന്നത് മനുരാജും സഹദേവനായി പ്രദീപും അഭിനയിക്കുമ്പോള്‍ കരുണേട്ടനായി അഭിനയിക്കുന്നത് ജഗതി ശ്രീകുമാറാണ്.
സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, മാമുക്കോയ, ടി. എസ്. രാജു, കോട്ടയം സോമരാജ്, കലാഭവന്‍ ഷാജോണ്‍, സരിതാ ബാലകൃഷ്ണന്‍, കല്പന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സദനന്‍ പെരുമ്പാവൂരിന്റേതാണ് രചന. സദനന്‍ പെരുമ്പാവൂര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഛായാഗ്രഹണം എം. ഡി. സുകുമാരന്‍.


Click it and Unblock the Notifications











