twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇരട്ടകളില്‍ മരിച്ചതാര്? ജീവിച്ചിരിക്കുന്നതാര്?

    By Staff
    |

    ഇരട്ടകളില്‍ മരിച്ചതാര്? ജീവിച്ചിരിക്കുന്നതാര്?
    ജൂലായ് 31, 2002

    മധുവിധു ആഘോഷിക്കാന്‍ പോയ ഇരട്ടകളിലൊരാള്‍ അപകടത്തില്‍ മരിക്കുന്നു. മറ്റെയാള്‍ അബോധാവസ്ഥയില്‍. ആരാണ് മരിച്ചതെന്നറിയാതെ, ആരാണ് രക്ഷപെട്ടതെന്നറിയാതെ അവരുടെ ഭാര്യമാര്‍. അമ്മ. ബന്ധുക്കള്‍....

    മരിച്ചത് തന്റെ ഭര്‍ത്താവല്ല എന്ന പ്രതീക്ഷയോടെ പരസ്പരം നോക്കുന്ന യമുനയും ആതിരയും. ആരാവും കര്‍മ്മം ചെയ്ത് വിധവയാകേണ്ടി വരികയെന്ന ഉളളുപിടപ്പും അവരുടെ നോട്ടത്തില്‍ നിന്നും വായിച്ചെടുക്കാം. മരിച്ചത് തങ്ങളുടെ മകളുടെ ഭര്‍ത്താവാകരുതേ എന്ന് മൂകമായി പ്രാര്‍ത്ഥിക്കുന്ന യമുനയുടെയും ആതിരയുടെയും അച്ഛനമ്മമാരുടെ നിഗൂഡമായ സ്വാര്‍ത്ഥത. ആര്‍ക്കു വേണ്ടി പ്രാര്‍ത്ഥിയ്ക്കണമെന്നറിയാതെ ദൈവത്തെ പഴിയ്ക്കുന്ന ഭവാനിയമ്മ

    മുകേഷ് ആദ്യമായി ഇരട്ട വേഷത്തിലഭിനയിക്കുന്ന സഹോദരന്‍ സഹദേവന്റേതാണ് അത്യന്തം വ്യത്യസ്തമായ ഈ പ്രമേയവും കഥാപാത്രങ്ങളും. ഇരട്ടകളായ അരവിന്ദന്റെയും മുകുന്ദന്റെയും വേഷം മുകേഷിനാണ്. മുകുന്ദന്റെ ഭാര്യ യമുനയായി പുതുമുഖം ശ്രീജാ ചന്ദ്രനും അരവിന്ദന്റെ ഭാര്യ ആതിരയായി ഗീതു മോഹന്‍ദാസും അഭിനയിക്കുന്നു.

    സന്തോഷകരമായിരുന്നു അവരുടെ ജീവിതം. കളിയും ചിരിയും നിറഞ്ഞ കുടുംബം. ഇരട്ടകളെ കിട്ടിയതില്‍, ഒരു മനസോടെ അവര്‍ വളരുന്നതില്‍ ഏറെ സന്തോഷിച്ചത് അമ്മയായ ഭവാനിയായിരുന്നു. ഇങ്ങനെ രണ്ട് മക്കളെ കിട്ടിയത് ഭാഗ്യമായിത്തന്നെ അവര്‍ കരുതി.

    വാഹനവായ്പ നല്‍കുന്ന സ്ഥാപനത്തിന്റെ ഉടമയാണ് അരവിന്ദന്‍. മുകുന്ദന്‍ ഡോക്ടറാണ്. അസാരം അഭിനയ ഭ്രാന്തുളള ഒരു ഡോക്ടര്‍. മുറപ്പെണ്ണായ യമുന മുകുന്ദന്റെ എല്ലാമെല്ലാമാണ്. വീട്ടുകാരുടെ സമ്മതത്തോടെയുളള പ്രണയം.

    അരവിന്ദന്റെയും മുകുന്ദന്റെയും കല്യാണം ഒരേ പന്തലില്‍ നടത്തണമെന്നാണ് ഭവാനിയമ്മയുടെ ആഗ്രഹം. ഒരു ഉടക്കിലൂടെ പരിചയപ്പെട്ട ആതിര അരവിന്ദന്റെ മനസില്‍ ചേക്കേറി. വായ്പാ കുടിശിഖ വരുത്തിയ ഓട്ടോറിക്ഷ പിടിച്ചെടുത്തപ്പോള്‍ തന്നോട് തട്ടിക്കയറിയ അതിലെ യാത്രക്കാരിയെ അരവിന്ദന് വല്ലാതെ ബോധിച്ചു.

    ഇരുവരുടെയും വിവാഹം അമ്മയുടെ ആഗ്രഹം പോലെ നടന്നു. വിധി അവര്‍ക്കായി കരുതി വച്ചിരുന്ന ദുരന്തം തൊട്ടുപിന്നാലെയെത്തി.

    നര്‍മ്മവും സെന്റിമെന്റ്സും സമം ചേര്‍ത്ത് സുനിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും സംഭാഷണവും അമ്പാടി ഹനീഫ, എസ്. രമേശന്‍ നായരുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് ബേണി ഇഷ്യസ്. കാമെറ ടോണി. എഡിറ്റിംഗ് പി. സി. മോഹനന്‍.

    ഹരഹര ഫിലിംസിന്റെ ബാനറില്‍ എം. എന്‍. മുരളിയാണ് സഹോദരന്‍ സഹദേവന്‍ നിര്‍മ്മിക്കുന്നത്.

    ജഗദീഷ്, അഗസ്റിന്‍, മണിയന്‍ പിളള രാജു, എന്‍. എഫ്. വര്‍ഗീസ്, നാരായണന്‍ നായര്‍, മച്ചാന്‍ വര്‍ഗീസ്, റീന, കവിയൂര്‍ രേണുക, കോഴിക്കോട് ശാന്താ ദേവി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X