ഓണത്തിനായി സൂപ്പര്‍താരങ്ങളൊരുങ്ങി
ഓണത്തിനായി സൂപ്പര്‍താരങ്ങളൊരുങ്ങി
ജൂലൈ 31, 2006
ഇത്തവണ ഓണത്തിന് സൂപ്പര്‍താര മത്സരം കൊഴുക്കും. മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും സുരേഷ് ഗോപിയും ഓണച്ചിത്രങ്ങളുമായി ഇത്തവണ താരയുദ്ധത്തില്‍ പങ്കാളികളാണ്. ഇവരില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഓണച്ചിത്രങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഓണച്ചിത്രം മഹാസമുദ്രമാണ്. സാങ്കേതിക കാരണങ്ങളാല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ വൈകിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഡോ.എസ്.ജനാര്‍ദനനാണ്. മഹാസമുദ്രം റിലീസിംഗിനായി ഒരുങ്ങിക്കഴിഞ്ഞു. ലൈലയാണ് ചിത്രത്തിലെ നായിക.
ജോമോന്‍ സംവിധാനം ചെയ്യുന്ന ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡമാണ് മമ്മൂട്ടിയുടെ ഓണച്ചിത്രം. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ഈ ചിത്രത്തെ ആക്ഷന്‍ കോമഡിയെന്ന് വിശേഷിപ്പിക്കാം. ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ചിത്രവും പൂര്‍ത്തിയായിക്കഴിഞ്ഞു.
ഷാജി കൈലാസും ദിലീപും ആദ്യമായി ഒന്നിക്കുന്ന ഡോണ്‍ ആണ് ഓണവിപണി കൊഴുപ്പിക്കാനെത്തുന്ന മറ്റൊരു ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരികയാണ്. ദിലീപ് അധോലോക നായകനായി പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
സുരേഷ് ഗോപി ഇത്തവണ ഓണത്തിനെത്തുന്നത് ജോഷി സംവിധാനം ചെയ്യുന്ന ജന്മം എന്ന ചിത്രവുമായാണ്. കഴിഞ്ഞ വര്‍ഷം ഓണച്ചിത്രങ്ങളുമായെത്തിയവരില്‍ ഇത്തവണയും സാന്നിധ്യം അറിയിക്കുന്ന ഏകസംവിധായകന്‍ ജോഷിയാണ്. ഗോപികയും കാര്‍ത്തികയുമാണ് ചിത്രത്തിലെ നായികമാര്‍.
ഓണത്തിന് സൂപ്പര്‍താരങ്ങളുടെ അങ്കം പൊടിപൊടിക്കുമെന്നാണ് സിനിമാരംഗത്തെ കണക്കുകൂട്ടലുകള്‍. കഴിഞ്ഞ ഓണത്തിന് ഹിറ്റുകള്‍ കൊയ്ത മോഹന്‍ലാലിനും മമ്മൂട്ടിക്കും ദിലീപിനും ഈ വര്‍ഷം വിജയം നിലനിര്‍ത്തേണ്ടതിന്റെ ബാധ്യത കൂടിയുണ്ട്.


Click it and Unblock the Notifications