»   » ലാല്‍ ക്ഷണിച്ചു; ബച്ചന്‍ വരുന്നു

ലാല്‍ ക്ഷണിച്ചു; ബച്ചന്‍ വരുന്നു

Posted By:
Subscribe to Filmibeat Malayalam
Bachan And Lal
ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചനും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും മലയാളത്തില്‍ ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ട് കാലമേറെയായി.

ഇരുവരുടെയും ആരാധകര്‍ക്ക് ഇത്തരമൊരു പടത്തിനായി കാത്തിരുന്ന് മടുത്തിട്ടുണ്ടാകണം. ഏറെ വൈകിയാണെങ്കിലും എല്ലാവര്‍ക്കും സന്തോഷിക്കാന്‍ ആ കൂടിച്ചേരല്‍ യാഥാര്‍ത്ഥ്യമാകുന്നു.

ബച്ചന്‍ ലാലിനൊപ്പം മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു. മേജര്‍ രവിയാണ് ചിത്രം സംവിധാനം ചെയ്യുക. റസൂല്‍ പൂക്കുട്ടിയ്ക്ക് പുരസ്‌കാരം സമര്‍പ്പിക്കാനായി കൊച്ചിയിലെത്തിയ ബച്ചനുമായി ഞായറാഴ്ച മോഹന്‍ ലാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിലാണ് ചിത്രത്തിന്റെ കാര്യങ്ങള്‍ തീരുമാനമായത്. മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് ബച്ചന്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച കൊച്ചിയില്‍ നടന്ന ചടങ്ങിനിടെ മോഹന്‍ലാല്‍ വേദിയില്‍വച്ച് ബച്ചനെ പരസ്യമായി മലയാളചലച്ചിത്രത്തിലേയ്ക്ക് ക്ഷണിച്ചു. മലയാളത്തില്‍ അഭിനയിക്കാന്‍ തനിക്ക് അഭിമാനമാണെന്നായിരുന്നു ഇതിന് സൂപ്പര്‍ താരത്തിന്റെ മറുപടി.

തുടര്‍ന്ന്് പരിപാടി കഴിഞ്ഞ് മേജര്‍ രവി തയ്യാറാക്കിയ തിരക്കഥയുമായി മോഹന്‍ലാലും ബച്ചനെ കാണുകയായിരുന്നു, രവിയും ഒപ്പമുണ്ടായിരുന്നു. അരമണിക്കൂര്‍ നേരത്തെ ചര്‍ച്ച കഴിഞ്ഞ് ശുഭവാര്‍ത്തയുമായാണ് മോഹന്‍ലാല്‍ എത്തിയത്.

ബച്ചന്‍ അഭിനയിക്കാന്‍ സമ്മതിച്ചുവെന്നും ചിത്രത്തിലെ ഒരു ശക്തമായ കഥാപാത്രത്തിനായിരിക്കും ബച്ചന്‍ ജീവന്‍ നല്‍കുകയെന്നും ലാല്‍ അറിയിച്ചു.

മോഹന്‍ലാലും ബച്ചനും ഇതിന് മുമ്പ് ഹിന്ദിയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. രാംഗോപാല്‍വര്‍മ്മ സംവിധാനം ചെയ്ത ആഗ്(ഷോലെയുടെ രണ്ടാം ഭാഗം) ആയിരുന്നു ആ ചിത്രം.

കാണ്ഡഹാര്‍ വിമാനറാഞ്ചലാണ് മേജര്‍ രവിയുടെ പുതിയ ചിത്രത്തിന്റെ ഇതിവൃത്തം. വിമാനയാത്രക്കാരിലൊരാളുടെ പിതാവായാണ് ബച്ചന്‍ അഭിനയിക്കുക. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയായിരിക്കും ഈ ചിത്രത്തിന് ശബ്ദസംയോജനം നിര്‍വ്വഹിക്കുക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam