»   » അമ്മ മയപ്പെടുന്നു; തിലകന് ഒരവസരം കൂടി

അമ്മ മയപ്പെടുന്നു; തിലകന് ഒരവസരം കൂടി

Posted By:
Subscribe to Filmibeat Malayalam
Mohanlal
നടന്‍ തിലകനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ നിന്നും താരസംഘടനയായ അമ്മ പിന്നാക്കം പോകുന്നു. സംഘടനയില്‍ നിന്ന് അത്രപെട്ടെന്ന് മാറ്റിനിര്‍ത്താവുന്ന ആളല്ല തിലകനെന്നും അതിനാല്‍ അദ്ദേഹത്തിന് വിശദീകരണം നല്‍കാന്‍ ഒരവസരം കൂടി നല്‍കുകയാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ അറിയിച്ചു. എക്‌സിക്യൂട്ടീവ് യോഗതീരുമാനങ്ങള്‍ വിശദീകരിയ്ക്കവെയാണ് ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ തിലകന്‍ സംഘടനയോട് വിശദീകരണം നല്‍കണമെന്നാണ് തീരുമാനം പറഞ്ഞതെങ്കിലും കൃത്യമായ തീയതി പറയാനുള്ള ശ്രമം അമ്മയുടെ ഭാഗത്തു നിന്നുണ്ടായില്ല.

തിലകനെ മയപ്പെടുത്താനുള്ള നീക്കങ്ങളാണ് അമ്മയുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്ന തരത്തില്‍ മൃദുവായ ഭാഷയിലാണ് അമ്മ ഭാരവാഹികള്‍ സംസാരിച്ചത്. തിലകനെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടണമെന്നാണ് തങ്ങളെല്ലാം ആഗ്രഹിയ്ക്കുന്നത്. സസ്‌പെന്റ് ചെയ്ത നടപടിയെത്തുടര്‍ന്ന് തിലകന്റെ വിശദീകരണക്കുറിപ്പ് തിങ്കളാഴ്ച ലഭിച്ചു. എന്നാല്‍ കുറച്ച് മണിക്കൂറുകള്‍ കൊണ്ട് അതിന്‍മേല്‍ വിശദമായ ചര്‍ച്ച നടത്താന്‍ കഴിഞ്ഞില്ല. തിലകനുമായി ആര്‍ക്കും വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും ഒരു സഘടനയ്ക്ക് അതിന്റേതായ നിയമങ്ങള്‍ അനുസരിച്ചേ മുന്നോട്ട് പോകാന്‍ കഴിയൂ എന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.

ഒരു സാഹചര്യമുണ്ടായാല്‍ അമ്മയുടെ പ്രതിനിധി തിലകനെ പോയി കാണാനും തയ്യാറാണ്. അമ്മ എക്‌സിക്യൂട്ടീവ് തീരുമാനങ്ങള്‍ വിശദീകരിച്ച് തിലകന് പുതിയ കത്ത് നല്‍കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

ഒരു സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ പ്രശ്‌നമെങ്കില്‍ അത് സാധാരണ സംഭവിയ്ക്കുന്ന കാര്യമാണ്. ഷൂട്ടിംഗ് തുടങ്ങിയ ശേഷം പോലും നടനെ മാറ്റാനുള്ള അധികാരം സംവിധായകനുണ്ട്.

തിലകന്‍ ചേട്ടന്‍ പ്രശ്‌നങ്ങള്‍ അമ്മയുമായി പങ്കുവയ്ക്കുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി. അഴീക്കോടിന്റെ വിമര്‍ശനങ്ങളോട് പ്രതികരിയ്ക്കാന്‍ താല്‍പ്പര്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മ പ്രസിഡന്റ് ഇന്നസെന്റും മറ്റ് പ്രധാന ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam