»   » വീണ്ടും ഐ വി ശശി വരുന്നു

വീണ്ടും ഐ വി ശശി വരുന്നു

Subscribe to Filmibeat Malayalam
I V Sasi
ഒരുകാലത്ത് ഐ വി ശശിയെന്ന പേര് സൂപ്പര്‍ഹിറ്റുകളുടെ പര്യായമായിരുന്നു. സ്വന്തം ചിത്രങ്ങളുടെ പേരുകള്‍ എന്ന അക്ഷരത്തില്‍ തുടങ്ങണമെന്നൊരു നിര്‍ബന്ധം പോലുമുണ്ടായിരുന്നു ശശിക്ക് ഒരുകാലത്ത്. മലയാളം കണ്ട സുന്ദരമായ കുടുംബ ചിത്രങ്ങളായിരുന്നു അവയില്‍ പലതും.

1975ല്‍ പുറത്തിറങ്ങിയ 'ഉത്സവ'മായിരുന്നു ശശിയുടെ ആദ്യ ചിത്രം. ആദ്യ ചിത്രത്തിന്റെ പേരുപോലെ തന്നെ ആള്‍ക്കൂട്ടത്തിന്റെ സംവിധായകനായിരുന്നു ശശി. വമ്പന്‍ ജനാവലിയെ ഫ്രെയിനുളളിലെ അച്ചടക്കത്തിലേയ്ക്ക് വലിച്ചിടാന്‍ പ്രത്യേക വിരുതു തന്നെയുണ്ടായിരുന്നു ശശിക്ക്.

'ദേവാസുരം' എന്ന എക്കാലത്തെയും മോഹന്‍ലാല്‍ മെഗാഹിറ്റിനു ശേഷം ഐ വി ശശിയെന്ന സംവിധായകന്റെ നിറം മങ്ങുന്ന കാഴ്ചയാണ് പിന്നീട് സിനിമാ ലോകം കണ്ടത്. 'വര്‍ണപ്പകിട്ടെ'ന്നൊരു മോഹന്‍ലാല്‍ ചിത്രം കൂടി ശരാശരി വിജയം നേടിയെങ്കിലും സിനിമാ ലോകത്ത് ശശിയുടെ പ്രതാപം പതിയെ അസ്തമിച്ചു. തന്റെ തന്നെ ചിത്രങ്ങളിലെ കഥാപാത്രങ്ങളായ ബല്‍റാമിനെയും താരാദാസിനെയും ഒരു സിനിമയില്‍ കൊണ്ടുവന്ന് അവസാന ശ്വാസത്തിന് ശ്രമിച്ചുവെങ്കിലും നിലവാരമില്ലാത്ത തിരക്കഥയില്‍ എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞു.

സംവിധായക നിരയിലെ യുവതരംഗത്തില്‍ അമ്പേ നിഷ്പ്രഭനായിപ്പോയ ഐ വി ശശി ഒരിക്കല്‍ കൂടി തന്റെ ഭാഗ്യം പരീക്ഷിക്കുകയാണ്. ജോണ്‍ പോള്‍ തിരക്കഥയെഴുതി അനുഗ്രഹ ആര്‍ട്ട്സ് നിര്‍മ്മിക്കുന്ന 'വെളളത്തൂവല്‍' എന്ന സിനിമയാണ് ഐ വി ശശി സംവിധാനം ചെയ്യുന്നത്. കമലിന്റെ 'ഗോളി'ലൂടെ സിനിമയിലെത്തിയ രജിത്ത് മേനോനാണ് ഈ ചിത്രത്തിലെ നായകന്‍. ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ലാലു അലക്സ്, ജഗതി, ഗണേഷ്, രേവതി, സീമ, ശ്വേത മേനോന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണം പകരുന്നത് ജോണ്‍സണ്‍. വാഗമണ്‍, തൊടുപുഴ, മൂന്നാര്‍, കൊച്ചി എന്നീ ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന വെളളത്തൂവലിന്റെ ഛായാഗ്രഹണം ആനന്ദക്കുട്ടനാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam