»   » വിനയനെതിരെ ജഗതി

വിനയനെതിരെ ജഗതി

Subscribe to Filmibeat Malayalam
Jagathy Sreekumar
ശാരീരിക വൈകല്യം സിനിമയിലും വിനിമയ മൂല്യമുളള ചരക്കാണെന്ന് തിരിച്ചറിഞ്ഞത് സാക്ഷാല്‍ വിനയനാണ്. അന്ധനെ, ഊമയെ, വികലാംഗയെ ഒക്കെ തിരശീലയില്‍ കാണിച്ചാല്‍ സഹതാപം അണപൊട്ടിയൊഴുകുമെന്നും പടം സൂപ്പര്‍ഹിറ്റാകുമെന്നുമുളള സ്വന്തം തിയറി, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും കാല്‍ക്കാശ് വില്‍ക്കാതെ പൊട്ടിപ്പൊളിഞ്ഞതോടെ മലയാളത്തില്‍ അവസാനിച്ചു.

മലയാളം മാത്രമല്ലല്ലോ ഇന്ത്യയില്‍ ഭാഷ. വിനയന്‍ നേരെ തമിഴിലേയ്ക്ക് വെച്ചു പിടിച്ചു. ആലുവ ജനസേവ ശിശുഭവനുവേണ്ടി ജോസ് മാവേലി നിര്‍മ്മിക്കുന്ന തമിഴ് ചിത്രമാണ് നാളൈ നമതേ. ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് അനാഥക്കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് ജനസേവ ശിശുഭവന്‍ എന്നാണ് അവകാശ വാദം. അവര്‍ക്ക് തമിഴ് സിനിമ നിര്‍മ്മിക്കാനുളള പണമെവിടെ നിന്ന് എന്ന ചോദ്യം പലരും ചോദിച്ചിട്ടുണ്ട്.

അനാഥരെ ചൂഷണം ചെയ്യുകയാണ് വിനയന്‍ എന്ന് തുറന്നടിക്കുന്നത് ജഗതി ശ്രീകുമാറാണ്. ആലുവ ജനസേവ ശിശുഭവന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് വിനയന്റെ ധാര്‍മികത സംശയാസ്പദമാണെന്ന ആരോപണം ജഗതി ഉന്നയിക്കുന്നത്.

അനാഥക്കുട്ടികളുടെ സംരക്ഷകനായി രംഗത്തു വന്നയാളിന്റെ ആസ്തിയെക്കുറിച്ചുളള വ്യക്തമായ ബോധം സംവിധായകനുണ്ടാകണമായിരുന്നു. ശിശുഭവന്‍ തുടങ്ങുന്നതിനു മുമ്പും അതിനു ശേഷവുമുളള അയാളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിനയന്‍ അന്വേഷിക്കണമായിരുന്നു. അനാഥരെ ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുന്നവര്‍ക്കു വേണ്ടി സിനിമയെടുക്കുന്നയാളും ഇത്തരം പരിപാടികള്‍ക്ക് കൂട്ടു നില്‍ക്കുകയാണ്. ഇങ്ങനെ പോകുന്നു, ജഗതിയുടെ ആരോപണങ്ങള്‍.

ആലുവ ജനസേവ ശിശുഭവനു വേണ്ടിയുളള സിനിമ, മലയാളത്തിലല്ല തമിഴിലാണ് എന്നതു തന്നെ വലിയൊരു തട്ടിപ്പ് മറച്ചുവെയ്ക്കാനാണ്. തമിഴിലായാല്‍ ആരും ഒന്നും അറിയില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിചാരം. ഇത്തരം ആളുകളെക്കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ജഗതി ആവശ്യപ്പെടുന്നു.

അനാഥക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായാണ് സിനിമയെടുക്കുന്നതെന്ന് പരസ്യമായി സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും താനുമടക്കമുളളവര്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമായിരുന്നു എന്നും ജഗതി ചൂണ്ടിക്കാട്ടുന്നു.

മലയാളത്തില്‍ ഇനിയൊരു വിനയന്‍ സിനിമയ്ക്ക് സാധ്യത തീരെ കുറവാണെന്ന് കണ്ട് തമിഴകത്തേയ്ക്ക് തിരിയുന്ന വിനയന് ജഗതിയുടെ വിമര്‍ശനങ്ങള്‍ ഏല്‍ക്കുമോയെന്ന് കണ്ടറിയണം. തന്റെ ധാര്‍മ്മികതയെ ചോദ്യം ചെയ്യുന്ന ജഗതിയ്ക്ക് വിതുരക്കേസ് ഓര്‍മ്മിപ്പിച്ച് വിനയന്‍ തിരിച്ചടി നല്‍കുമെന്ന് ഉറപ്പാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി മറ്റൊരു വിവാദകാലം സിനിമാലോകത്തെ കാത്തിരിക്കുകയാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam