twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചങ്കൂറ്റത്തിന്റെ റോഷന്‍, ലാല്‍ ജോസ് സ്റൈല്‍

    By Staff
    |

    ചങ്കൂറ്റത്തിന്റെ റോഷന്‍, ലാല്‍ ജോസ് സ്റൈല്‍
    ആഗസ്ത് 2, 2006

    വാണിജ്യ സിനിമയുടെ വിജയ ഫോര്‍മുലകളില്‍ നിന്ന് മാറിനടക്കുക എന്നത് സംവിധായകര്‍ക്ക് തീര്‍ത്തും ദുസ്സഹമായ കാര്യമാണ്. അതിന് മുതിരാന്‍ മിക്ക സംവിധായകരും തയ്യാറാവാറില്ല. വിജയങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ പരീക്ഷണങ്ങള്‍ക്കു മുതിരുന്നത് ആത്മഹത്യാപരമാണ് എന്ന ചിന്തയാവും അവരെ അതില്‍ നിന്ന് വിലക്കുന്നത്.

    സൂപ്പര്‍താരങ്ങളില്ലാതെ ഒരു സൂപ്പര്‍ഹിറ്റ് സൃഷ്ടിക്കാനാവില്ലെന്നതാണ് ഇപ്പോള്‍ മലയാള സിനിമയെ ഭരിക്കുന്ന നിയമം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മലയാളത്തിലുണ്ടായ സൂപ്പര്‍ഹിറ്റുകളെല്ലാം സൂപ്പര്‍താരങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന കാര്യം ഈ മുന്‍വിധിയെ സാധൂകരിക്കുന്നു. സൂപ്പര്‍താരങ്ങളുടെ കാലം കഴിഞ്ഞുവെന്നും ഇനി യുവതാരങ്ങളുടെ രംഗവേദിയാണ് മലയാള സിനിമയെന്നും രണ്ട് വര്‍ഷം മുമ്പ് ആരൊക്കെയോ കൊട്ടിഘോഷിച്ചു നടന്നത് സിനിമാവ്യവസായം മറന്നുകഴിഞ്ഞു. പുതുമുഖങ്ങള്‍ വേഷമിട്ട ഫോര്‍ ദി പീപ്പിള്‍ പോലൊരു സൂപ്പര്‍ഹിറ്റ് മലയാള സിനിമാ വ്യവസായത്തിന് ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത പഴങ്കഥയാണ്.

    പ്രമുഖ സംവിധായകരെല്ലാം സൂപ്പര്‍താരങ്ങളെ മാത്രം വച്ച് സിനിമയെടുക്കുന്നതില്‍ ശ്രദ്ധിക്കുമ്പോള്‍ സൂപ്പര്‍ഹിറ്റ് ക്രെഡിറ്റിലുള്ള രണ്ട് സംവിധായകര്‍ ആ വഴിയില്‍ നിന്ന് മാറി നടക്കുകയാണ്. ചങ്കൂറ്റത്തിന് ലാല്‍ ജോസും റോഷന്‍ ആന്‍ഡ്രൂസും മാതൃക കാണിക്കുന്നത് തങ്ങളുടേതായ ശൈലിയില്‍.

    മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി എന്നീ സൂപ്പര്‍താരങ്ങളെ മാത്രം വച്ച് സിനിമയെടുത്തിട്ടുള്ള ലാല്‍ ജോസ് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെയാണ് തന്റെ പതിവ് വഴിയില്‍ നിന്ന് മാറിനടന്നത്. ഹാസ്യനടന്‍ എന്ന മുദ്ര ചാര്‍ത്തപ്പെട്ട സലിംകുമാറിനെ ഒരു സീരിയസ് സിനിമയിലെ നായകനാക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും പല സംവിധായകരും മുതിരില്ല. എന്നാല്‍ ലാല്‍ ജോസ് ആ പരീക്ഷണത്തിനു മുതിര്‍ന്നു. ചിത്രം നിരൂപകരും പ്രേക്ഷകരും ഒരു പോലെ അംഗീകരിക്കുകയും ചെയ്തു.

    പരീക്ഷണത്തിന്റെ വഴിയില്‍ തുടരുകയാണ് ലാല്‍ ജോസ്. യുവതാരങ്ങള്‍ നായകരായ ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പരാജയപ്പെടുമ്പോള്‍ ലാല്‍ ജോസ് നാല് യുവതാരങ്ങളെ നായകരാക്കി ചിത്രമെടുത്തു. യുവതാരമാണോ നായകന്‍, എങ്കില്‍ ചിത്രം വിജയിക്കില്ല എന്ന വിശ്വാസം സിനിമാലോകത്തെ ഭരിക്കുമ്പോഴാണ് ലാല്‍ ജോസിന്റെ ഈ ചങ്കൂറ്റം. പൃഥ്വിരാജ്, നരേന്‍ (സുനില്‍), ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്ലാസ്മേറ്റ്സ് ഓണത്തിന് സൂപ്പര്‍താര ചിത്രങ്ങളോട് മത്സരിച്ചാണ് തിയേറ്ററുകളിലെത്തുക.

    ചങ്കൂറ്റത്തിന്റെ ഈ ലാല്‍ ജോസ് സ്റൈല്‍ തന്നെയാണ് റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകനും പിന്തുടരുന്നത്. റോഷന്‍ ഇതിനു മുമ്പ് ഒരു ചിത്രം മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ- മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊന്നായ ഉദയനാണ് താരം. പ്രേക്ഷകര്‍ കൊണ്ടാടിയ മോഹന്‍ലാല്‍ ചിത്രം.

    ആദ്യചിത്രം സ്വപ്നസമാനമായ വിജയം കൈവരിച്ചപ്പോള്‍ റോഷനെ തേടിയെത്തിയത് ഒരു പിടി ഓഫറുകളാണ്. പക്ഷേ അതൊന്നും റോഷന്‍ സ്വീകരിച്ചില്ല. അടുത്ത സിനിമ അല്പം കഴിഞ്ഞേയുള്ളൂവെന്ന തീരുമാനത്തില്‍ റോഷന്‍ ഉറച്ചുനിന്നു. സൂപ്പര്‍ഹിറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന റോഷന് ഡേറ്റ് നല്‍കാന്‍ സൂപ്പര്‍താരങ്ങള്‍ തയ്യാറായി നില്‍ക്കുമ്പോള്‍ അദ്ദേഹം പുതിയ ചിത്രം പ്രഖ്യാപിക്കുന്നു. അതാകട്ടെ പ്ലസ് ടു വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചിത്രം! സൂപ്പര്‍താരങ്ങള്‍ക്ക് പ്ലസ് ടു വിദ്യാര്‍ഥികളായി അഭിനയിക്കാനാവില്ലല്ലോ.

    പുതുമുഖങ്ങളായ അഞ്ച് കൗമാരപ്രായക്കാരാണ് റോഷന്‍ ചിത്രം നോട്ട്ബുക്കില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂരജ്, സേറ, വാണി, പൂജ, ശ്രീദേവി എന്നിവരെയാണ് ഈ ചിത്രത്തിനായി റോഷന്‍ കണ്ടെത്തിയത്.

    സൂപ്പര്‍താരങ്ങളോട് പുറംതിരിഞ്ഞു നിന്ന് ലാല്‍ജോസും റോഷനും ഒരുക്കുന്ന ഈ പരീക്ഷണങ്ങള്‍ പുതിയൊരു തരംഗം മലയാളത്തില്‍ വെട്ടിത്തുറക്കുമോ? ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രം മലയാളത്തില്‍ ഒരു അലയായി മാറിയത് സിനിമാലോകം മറന്നു കഴിഞ്ഞെങ്കിലും അത് ഏറെകാലം മുമ്പായിരുന്നില്ലല്ലോ. സൂപ്പര്‍താരങ്ങള്‍ ജാഗ്രതൈ!

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X